 
മാനന്തവാടി: തലപ്പുഴ മക്കിമലയിൽ സ്ഫോടകവസ്തു (ഐ.ഇ.ഡി, ഇംപ്രുവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും. അമോണിയം നൈട്രേറ്റ് കണ്ടെത്തിയ കവർ കേന്ദ്രീകരിച്ചാണ് അന്വേഷണം. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ വെട്രിവേൽ എക്സ്പ്ലോസീവ് എന്ന സ്ഥാപനത്തിന്റെ കവറിലാണ് അമോണിയം നൈട്രേറ്റ് കണ്ടെത്തിയത്. ഇത് ആര് എത്തിച്ചെന്നതാണ് അന്വേഷിക്കുന്നത്.
സംഭവത്തിൽ മാവോയിസ്റ്റുകളെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസിനെതിരെ പ്രതികാരം ചെയ്യുകയെന്ന ലക്ഷ്യമാകാം മാവോയിസ്റ്റുകൾക്കുള്ളതെന്നാണ് പ്രാഥമിക സൂചന. അംഗബലം കുറഞ്ഞ മാവോയിസ്റ്റുകൾ ശക്തി പ്രകടിപ്പിക്കാനാവാം ബോംബ് സ്ഥാപിച്ചതിലൂടെ ലക്ഷ്യമിട്ടതെന്നും സംശയിക്കുന്നുണ്ട്. സ്ഫോടകവസ്തു കണ്ടെത്തിയ സ്ഥലത്ത് തണ്ടർബോൾട്ടും പ്രത്യേക അന്വേഷണസംഘവും ഇന്നലെയും പരിശോധന നടത്തി. 
വനമേഖലയിൽ കൂടുതൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടാകുമെന്ന സംശയത്തിലാണ് പരിശോധന. തണ്ടർബോൾട്ടും സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും സ്ഥിരമായി പരിശോധനയ്ക്കെത്തുന്ന വഴിയിലാണ് സ്ഫോടക വസ്തു കുഴിച്ചിട്ടിരുന്നത്.