ameebik
അമീബിക് മസ്തിഷ്‌ക ജ്വരം

കോഴിക്കോട്: ജില്ലയെ ആശങ്കയിലാക്കി വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. ഫറൂഖ് കോളേജ് സമീപം ഇരുമൂളിപ്പറമ്പ് സ്വദേശിയായ 12 കാരനാണ് പുതുച്ചേരി ലാബിൽ നടത്തിയ പരിശോധനയിൽ പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് (പി.എ.എം) സ്ഥിരീകരിച്ചത്. ചർദ്ദി, തലവേദന തുടങ്ങിയ രോഗ ലക്ഷണങ്ങളുമായി ഓരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ വെന്റിലേറ്ററിൽ തുടരുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഫാറൂഖ് കോളേജ് പരിസരത്തെ അച്ചൻകുളത്തിൽ കുളിച്ചതിന് ശേഷമാണ് കുട്ടിയിൽ രോഗലക്ഷണം കണ്ടു തുടങ്ങിയത്. ഇതോടെ പരിസരം അതീവ ജാഗ്രതയിലാണ്. കുട്ടിക്ക് രോഗലക്ഷണം കണ്ടുതുടങ്ങിയതിന് പിന്നാലെ ക്‌ളോറിനേഷൻ ചെയ്ത് അച്ചംകുളം അടച്ചിരുന്നു. രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശിയായ പതിമൂന്നുകാരി അത്യപൂർവ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. ഒരു മാസം മുമ്പാണ് മലപ്പുറം മൂന്നിയൂർ സ്വദേശിയായ അ‌ഞ്ച് വയസുകാരി മരിച്ചത്.

@പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (പിഎഎം)

നെയ്ഗ്ലേരിയ ഫൗളറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴുണ്ടാകുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌കജ്വരം. ഉഷ്ണജലത്തിൽ ജീവിക്കുന്ന അമീബ മൂക്കിലൂടെ തലച്ചോറിൽ എത്തി കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. ഇതുമൂലം തലച്ചോറിൽ നീർക്കെട്ടുണ്ടാകുകയും ചെയ്യുന്നു. എന്നാൽ, ഈ രോ​ഗത്തിന് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ കഴിയില്ല. അമീബ ശരീരത്തിൽ പ്രവേശിച്ചാൽ അഞ്ച് ദിവസത്തിനകം രോഗ ലക്ഷണങ്ങൾ കാണുകയും വളരെ വേഗം രോഗം മൂർച്ഛിക്കുകയും ചെയ്യും.

രോഗ ലക്ഷണങ്ങൾ

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് . ഗുരുതരാവസ്ഥയിൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ്

@ വേണം ശ്രദ്ധ

1. പുഴയിലോ പൂളുകളിലോ കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തിൽ കുളിക്കാതിരിക്കുക

2. മൂക്കിലേക്ക് നേരിട്ട് വെള്ളം ഒഴിക്കാതിരിക്കുക

3. രോഗലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കാതെ ചികിത്സ തേടുക

4. ക്ലോറിനേറ്റ് ചെയ്ത നീന്തൽ കുളങ്ങൾ ഉപയോഗിക്കുക

''രോഗം ബാധിച്ചു കഴിഞ്ഞാൽ രക്ഷപ്പെടാൻ സാദ്ധ്യത വളരെ കുറവാണ്. മുൻകരുതലാണ് വേണ്ടത്. ജാഗ്രത പുലർത്തണം''- ഡോ. അബ്ദുൾ റൗഫ്, പീഡിയാട്രിക് കൺസൾട്ടന്റ്,​ ബേബി മെമ്മോറിയൽ ആശുപത്രി