കോഴിക്കോട്: ആവശ്യത്തിന് നഴ്സുമാരില്ലാത്തതിനാൽ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം താളം തെറ്റുന്നു. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ ചട്ട പ്രകാരം മെഡിക്കൽ കോളേജിൽ 1004 ഹെഡ് നഴ്സുമാർ, 4008 നഴ്സിംഗ് ഓഫീസർമാർ, 937 നഴ്സിംഗ് അസിസ്റ്റന്റുമാർ, 1669 ഹോസ്പിറ്റൽ അസിസ്റ്റന്റുമാർ (അറ്റൻഡർമാർ) എന്നിങ്ങനെ തസ്തിക വേണമെന്നാണ് വ്യവസ്ഥ. എന്നാൽ നഴ്സുമാരും ഹെഡ് നഴ്സുമാരും ഉൾപ്പെടെ 500 പേർ മാത്രമാണ് ആശുപത്രിയിലുള്ളത്. നഴ്സുമാരുടെ കുറവ് രോഗികളെ സാരമായി ബാധിച്ചിരിക്കുകയാണ്.
പി.എം.എസ്.എസ്. വൈ ബ്ലോക്ക്, സൂപ്പർ സ്‌പെഷ്യാലിറ്റി, ബ്ലോക്ക്, ടേർഷ്യറി കാൻസർ സെന്റർ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ തുടങ്ങി എട്ടോളം ചികിത്സാ കേന്ദ്രങ്ങളാണ് മെഡിക്കൽ കോളേജിലുള്ളത്. സൂപ്പർ സ്‌പെഷ്യൽറ്റി ബ്ലോക്കിൽ 2016ൽ 250 തസ്തിക അനുവദിച്ചതിന് ശേഷം കാര്യമായ നിയമനങ്ങളൊന്നു നടന്നിട്ടില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി ജീവനക്കാരുടെ കുറവ് ആശുപത്രികയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടും ഒഴിവ് നികത്താൻ അധികൃതർ തയ്യാറായിട്ടില്ല. പുതിയ സർജിക്കൽ സൂപ്പർ സ്‌പെഷ്യൽറ്റി കോംപ്ലക്സ് (പിഎംഎസ്എസ്വൈ ബ്ലോക്ക്) പ്രവർത്തനം തുടങ്ങിയപ്പോഴും നിയമനമുണ്ടായില്ല. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ ചട്ട പ്രകാരം നഴ്സ് രോഗി അനുപാതം 1:4 ആണെന്നിരിക്കെ മെഡിക്കൽ കോളജിൽ ഇത് 1:40 ആണ്. നാലു രോഗിക്ക് ഒരു നഴ്സ് വേണ്ട സ്ഥാനത്ത് 100 രോഗിക്ക് ഒരു നഴ്സ് എന്ന രീതിയിലാണ് മെഡിക്കൽ കോളേജ് മുന്നോട്ട് നീങ്ങുന്നത്. ഇത് 1:10 എങ്കിലുമാക്കി പുനഃക്രമീകരിക്കുകയാണെങ്കിൽ രോഗികൾക്ക് ആവശ്യമായ പരിചരണം ലഭ്യമാകുവെന്ന് കേരള ഗവ.നഴ്സസ് യൂണിയൻ വ്യക്തമാക്കി.
@സമരത്തിലേക്ക് കടക്കും
നഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും ആനുകൂല്യങ്ങൾ സർക്കാർ കവർന്നെടുക്കുകയാണെന്ന് കേരള ഗവ.നഴ്സസ് യൂണിയൻ. ഇത്തരം നടപടികൾ തുടർന്നാൽ ശക്തമായ സമരത്തിലേക്ക് കടക്കുമെന്നും സംസ്ഥാന പ്രസിഡന്റ്കെ.എസ്.സന്തോഷ്, ജനറൽ സെക്രട്ടറി എസ്.എം.അനസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.