@താഞ്ഞിലോട് പ്രദേശത്ത് കടുവയുടെ കാൽപ്പാടുകളും
മേപ്പാടി: താഞ്ഞിലോട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നാശം വരുത്തി. ജംഗിൾ ബുക്ക് റിസോർട്ട് പരിസരത്താണ് കാട്ടാനകൾ എത്തിയത്. നാല് കർഷകരുടെ കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. മേലെ പാട്ടിൽ രമേശ് ബാബുവിന്റെ ഒരേക്കർ സ്ഥലത്തെ കമുക് ,ഏലം ,കാപ്പി എന്നീ വിളകളാണ് നശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരനായ മഹേഷ്, തറപ്പിൽ നെൽസൺ, താഞ്ഞിലോട് ചെല്ലയൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാന വ്യാപക കൃഷി നാശം വരുത്തിയത്.വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെ കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ എത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനക്കൂട്ടത്തെ ഓടിച്ചുവിട്ടു. എന്നാൽ രാത്രി 11 മണിയോടെ ആറ് ആനകൾ അടങ്ങുന്ന കാട്ടാനക്കൂട്ടം വീണ്ടുമെത്തി. കാന്തൻപാറ, ചുളിക്ക എന്നീ വനമേഖലകളിൽ നിന്നാണ് കാട്ടാനകൾ എത്തുന്നത്.
കഴിഞ്ഞ നാലു വർഷത്തിനിടയിലാണ് പ്രദേശത്ത് കൂടുതൽ കാട്ടാനശല്യം ഉണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. വന്യമൃഗങ്ങൾ തുടർച്ചയായി ഇറങ്ങുമ്പോഴും പ്രതിരോധ സംവിധാനങ്ങൾ ഒന്നും തന്നെ നടത്തുന്നില്ല. വനാതിർത്തിയിൽ ഫെൻസിംഗ് സ്ഥാപിച്ചിട്ടില്ല. അതിനാൽ കാട്ടാനക്കൂട്ടത്തിന് കാട് ഇറങ്ങി വളരെ വേഗം ജനവാസ മേഖലയിൽ എത്താൻ കഴിയും. പകൽ സമയം കുപ്പച്ചി ഭാഗത്ത് തമ്പടിക്കുന്ന കാട്ടാനകൾ നേരം ഇരുട്ടുന്നതോടെ ജനവാസ മേഖലയിലേക്ക് എത്തുകയാണ്. കാട്ടാനകളെ തുരത്താൻ പടക്കം പൊട്ടിക്കുമെങ്കിലും ആനകൾ പിന്തിരിഞ്ഞു പോകുന്നില്ല. പലപ്പോഴും വീടുകൾക്ക് നേരെയും ആളുകൾക്ക് നേരെയും കാട്ടാന അക്രമം നടത്താറുണ്ട്.
സമീപ പ്രദേശങ്ങളായ ചുളിക്ക, കള്ളാടി, ചോലമല എന്നിവിടങ്ങളിലും കാട്ടാന ശല്യമുണ്ട്. വന്യമൃഗ ശല്യത്തിനെതിരെ പ്രദേശവാസികൾ ജനകീയ സമിതി രൂപീകരിച്ച് റോഡ് ഉപരോധം അടക്കമുള്ള പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ യാതൊരുവിധ പരിഹാരവും ഉണ്ടായിട്ടില്ല. കാട്ടാനയ്ക്ക് പുറമേ പ്രദേശത്ത് കടുവയും ഇറങ്ങുന്നതായി പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് വ്യാപകമായി കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കാൽപ്പാടുകൾ പരിശോധിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥർ കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പുലിയുടെ കാൽപ്പാടുകൾ ആകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം.