കോഴിക്കോട്: കനത്ത മഴ, നിറയെ കുഴികൾ. റോഡിലെ അതിവേഗക്കാർക്ക് മുന്നറിയിപ്പുമായി പൊലീസ്. കനത്തമഴയ്‌ക്കൊപ്പം കോടമഞ്ഞും നിറഞ്ഞതോടെ ദേശീയപാതയിലും മലയോര ഹൈവേയിലും വളവുകളേറെയുള്ള ഭാഗങ്ങളിലും ദിവസവും അപകടങ്ങളാണ്. ഇവയാകട്ടെ ഏറെയും മഴസമയത്തുള്ള ഡ്രൈവിംഗിലാണ്. ചെറുതും വലുതുമായി അടുത്തിടെ പത്തോളം അപകടങ്ങളാണ് നഗരത്തിലുണ്ടായത്. എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിലെ കാരശ്ശേരി മടമ്പുറം വളവിൽ കഴിഞ്ഞ ദിവസം ടാങ്കർ ലോറി നിയന്ത്രണംവിട്ട് മൺതിട്ടയിൽ ഇടിച്ച് ഒഴിവായത് വൻ അപകടമാണ്. പൂവാട്ടുപറമ്പ് പാറയിൽ ബസ് സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാർ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. അപകടങ്ങൾ തുടർക്കഥയായ ബാലുശ്ശേരി കരുമലയിലെ വളവിൽ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടമുണ്ടായി. മഴയിൽ കണ്ണാടി പോലെ തിളങ്ങുന്ന റോഡിൽ ബ്രേക്ക് ചെയ്ത് തെന്നിമറിഞ്ഞാണ് കൂടുതൽ അപകടങ്ങളും. മഴക്കാലത്ത് വാഹനങ്ങൾ റോഡിൽ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. അൽപ്പമൊന്നു ശ്രദ്ധിച്ചാൽ പല അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാൻ സാധിക്കുമെന്നാണ് പൊലീസിന്റെ ഫേസ് ബുക്ക് മുന്നറിയിപ്പ്.
@ ശ്രദ്ധിച്ച് ഓടിക്കാം
1. സാധാരണ വേഗതയേക്കാൾ അൽപ്പം വേഗത കുറച്ച് വാഹനമോടിക്കുക. സ്‌കിഡ്ഡിങ്ങ് മൂലം വാഹനം ബ്രേക്ക് ചെയ്യുമ്പോൾ ഉദ്ദേശിച്ച സ്ഥലത്ത് നിർത്താൻ കഴിയണമെന്നില്ല
2. നനഞ്ഞ റോഡിൽ പെട്ടെന്ന് ബ്രേക്കിടുന്നത് അപകടത്തിന് കാരണമാകുന്നതിനാൽ മുമ്പിലുള്ള വാഹനങ്ങളുമായി കൃത്യമായി അകലം പാലിക്കുക
3.വളവുകളിൽ സാവധാനത്തിൽ ബ്രേക്ക് ഉപയോഗിക്കുക
4. വാഹനത്തിന്റെ ടയർ, ബ്രേക്ക്, ബ്രേക്ക് ലെെറ്റ്, ടെയിൽ ലാമ്പ്,വെെപ്പർ, ഇൻഡിക്കേറ്ററുകൾ എന്നിവ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക
5. വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യേണ്ടിവരുമ്പോൾ ശ്രദ്ധിക്കുക. പരിചയമില്ലാത്ത റോഡുകളിലൂടെ യാത്ര ചെയ്യാതിരിക്കുക
6. ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ രണ്ടു കൈയും ഹാൻഡിലിൽ മുറുക്കെ പിടിച്ച് മാത്രം വാഹനം ഓടിക്കുക. ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞ് കിടക്കുന്നുണ്ടാകും.
7. സ്ഥിരമായി പോകുന്ന റോഡാണെങ്കിലും വെള്ളക്കെട്ട് കണ്ടാൽ അതിൽ ഇറക്കാതിരിക്കാൻ ശ്രമിക്കുക. കാരണം റോഡിലെ കുഴികൾ കാണാൻ സാധിച്ചെന്ന് വരില്ല
8. ഡിം ലൈറ്റ് പരമാവധി ഉപയോഗിക്കുക. വലിയ വളവുകളെ സമീപിക്കുമ്പോഴും കയറ്റം കയറുമ്പോഴും എതിരെ വരുന്ന വാഹനങ്ങൾക്ക് സൂചന നൽകാൻ ബ്രൈറ്റ് മോഡ് ഉപയോഗിക്കുക.
9. ഹെൽമെറ്റ് കൃത്യമായും ധരിക്കുക. ചിൻസ്ട്രാപ്പ് ഇട്ടിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക
#വേണ്ട കുട ചൂടിയുള്ള യാത്ര
ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ പിന്നിലിരിക്കുന്ന ആളെക്കൊണ്ട് കുട ചൂടിച്ച് യാതൊരു കാരണവശാലും വാഹനം ഓടിക്കരുത്. ഇത് കാഴ്ച, നിയന്ത്രണം, ശ്രദ്ധ എന്നിവ കുറച്ച്അപകടത്തിലേക്ക് നയിക്കും. സ്വന്തമായി കുടപിടിച്ചും പിന്നിലിരിക്കുന്നയാളിന്റെ കൈയിൽ കുടപിടിച്ചുമുള്ള യാത്രകളാണ് മിക്കപ്പോഴും കാണാറുള്ളത്. പല മുന്നറിയിപ്പുകൾ ഉണ്ടായിട്ടും ഇത് ഇപ്പോഴും തുടരുന്നുണ്ട്.