 
പനമരം: കേണിച്ചിറയിൽ നിന്നും വനംവകുപ്പ് പിടികൂടിയ കടുവയെ നെയ്യാറിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനമായില്ല. സി.സി.എഫിന്റെ ഉത്തരവ് ഇറങ്ങാത്തതാണ് പ്രതിസന്ധിക്ക് കാരണം. കടുവ കൂട്ടിലായി ഒരാഴ്ചയായിട്ടും കടുവയെ കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകാത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. ഇരുളത്തെ വനംവകുപ്പ് കേന്ദ്രത്തിലാണ് നിലവിൽ കടുവയുള്ളത്. ജൂൺ 23നാണ് കേണിച്ചിറ എടക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങിയത്. തോൽപ്പെട്ടി 17 എന്ന കടുവയെ തിരുവനന്തപുരത്തെ വന്യജീവി സംരക്ഷണകേന്ദ്രമായ നെയ്യാർ സഫാരി പാർക്കിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. ഞായറാഴ്ച വൈകിട്ടോടെ കടുവയെ കൊണ്ടുപോകുമെന്നായിരുന്നു വനം വകുപ്പിൽ നിന്നും ലഭിച്ച അറിയിപ്പ്. എന്നാൽ സി.സി.എഫിന്റെ ഉത്തരവ് ഇറങ്ങാൻ വൈകുന്നത് കടുവയെ കൊണ്ടുപോകുന്നതിന് തടസ്സമാവുകയാണ്.