thek

കോട്ടയം: തേക്ക് തടിയ്ക്ക് ആവശ്യക്കാരും, വിലയും കൂടിയതോടെ തൈകൾക്കും ക്ഷാമം. മലയോരമേഖലയിൽ റബർ കൃഷി ഉപേക്ഷിച്ച് നിരവധിപ്പേരാണ് തേക്കിലേക്ക് മാറിയത്. മഴക്കാലത്താണ് തേക്കിൻതൈ നടുക. കൃഷിക്ക് നീക്കം തുടങ്ങിയപ്പോഴാണ് തൈയില്ലെന്ന് പലരും അറിയുന്നത്. ഏറെ ഡിമാൻഡുള്ള നിലമ്പൂർ തേക്കിന്റെ തൈകളോ വേരുകളോ (സ്റ്റമ്പ്) ആണ് നടുന്നത്. വനംവകുപ്പിന്റെ നഴ്സറി വഴിയാണ് വിതരണം. ആവശ്യത്തിന് തൈകൾ വനംവകുപ്പ് ശേഖരിക്കാതിരുന്നതാണ് ക്ഷാമത്തിന് കാരണം. സ്വകാര്യ നഴ്സറികളിലും തൈ ആവശ്യത്തിനില്ല. ഉള്ളതിനാകട്ടെ വിലക്കൂടുതലും, ഗുണനിലവാരവുമില്ല. നട്ടാൽ മുരടിച്ചു പോകുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലടക്കം തേക്കിന് വൻഡിമാൻഡാണ്.

നികുതി ഏകീകരിച്ചത് ഗുണമായി

വെട്ടിയ തടി കൊണ്ടുപോകുന്നതിനുള്ള അന്തർസംസ്ഥാന നികുതി കേന്ദ്ര സർക്കാർ ഏകീകരിച്ചത് കച്ചവടക്കാർക്ക് സഹായകമായി. 40 ഇഞ്ചിൽ താഴയുള്ള തേക്കിൻ തടിയുടെ തൂക്കം നോക്കിയാണ് വ്യാപാരികൾ വില നിശ്ചയിക്കുന്നത്. മൂപ്പില്ലാത്ത തേക്ക് വാങ്ങാനും അന്യസംസ്ഥാന വ്യാപാരികൾ തയാറാണ്. റബർഷീറ്റിനും തടിയ്ക്കും വില ഇടിഞ്ഞതാണ് പലരും തേക്ക് കൃഷിയിലേക്ക് തിരിഞ്ഞത്.

വില ഇങ്ങനെ

ഒരു ക്യുബിക് അടിയ്ക്ക്: 18,000

വനംവകുപ്പിന്റെ തൈ: 18 രൂപ

സ്വകാര്യ നഴ്‌സറികളിൽ: 30 രൂപ

കർഷകരുടെ ആവശ്യത്തിന് അനുസരിച്ച് ഗുണനിലവാരമുള്ള തൈകളും സ്റ്റമ്പുകളും വനംവകുപ്പ് ലഭ്യമാക്കി നഴ്സറി വഴി വിതരണം ചെയ്യണം. കർഷകർക്കുള്ള സബ്സിഡി പുന:സ്ഥാപിക്കണം.

എബി ഐപ്പ് (തേക്ക് കർഷകൻ)