
കോട്ടയം: ഓൺലൈനിൽ ജോലി, ഓഹരി പങ്കാളിത്തം, പ്രണയം... കെണി പലവിധത്തിലാണ്. ജാഗ്രതാ നിർദേശം പലകുറി നൽകിയിട്ടും ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവർ ഏറെയാണ്. ജില്ലയിൽ രണ്ട് കോടി രൂപയ്ക്ക് മേൽ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായതായാണ് കണക്ക്. എന്നാൽ മാനഭയം മൂലം പലരും പരാതി നൽകാൻ തയാറല്ല.
യുവതീ യുവാക്കളെയും വീട്ടമ്മമാരെയുമാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. ഓൺലൈൻ ജോലി തട്ടിപ്പിനാണ് ഏറെപ്പേരും ഇരയായത്. ടെലഗ്രാം, ഫെയ്സ് ബുക്ക്, വാട്സാപ്പ് എന്നിങ്ങനെയുള്ള ലിങ്കുവഴി ആപ്ളിക്കേഷൻ നൽകുമ്പോൾ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുന്നതാണ് ഒരു രീതി. ജോലി ലഭിക്കാൻ ഫീസ് കെട്ടിവയ്ക്കണമെന്നും അതിന്റെ പലിശയടക്കം ജോലിക്കൊപ്പം തിരികെ ലഭിക്കുമെന്നും വിശ്വസിപ്പിച്ചാണ് മറ്റൊരു രീതി. ആദ്യ മാസങ്ങളിൽ ചെറിയ ജോലി നൽകി തുച്ഛമായ ശമ്പളം അക്കൗണ്ടിലേയ്ക്ക് അയച്ച് വിശ്വാസം പിടിച്ചുപറ്റും. പിന്നീട് പ്രോസസിംഗ് ഫീസായി വലിയ തുക കെട്ടിവച്ചാൽ മികച്ച വരുമാനമുള്ള ജോലി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടും. ചില കേസുകളിൽ മാത്രമാണ് പ്രതികൾ അറസ്റ്റിലായത്.
പ്രണയക്കെണിക്കും അറുതിയില്ല
മെസഞ്ചറിലേയ്ക്ക് പെൺകുട്ടി അയച്ച സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ ക്ളിക്ക് ചെയ്ത കോട്ടയം സ്വദേശിയുടെ ഫോൺ ഹാക്ക് ആവാൻ സെക്കൻഡുകൾ മാത്രമാണ് വേണ്ടിവന്നത്. അക്കൗണ്ടിലുണ്ടായിരുന്ന 25000 രൂപ ഞൊടിയടിയിൽ അപ്രത്യക്ഷ്യമായി. ഇതിന് പുറമേ വീഡിയോ കോളിൽ വന്നുള്ള ബ്ളാക്ക് മെയിലിനും കുറവില്ല. പണം നഷ്ടപ്പെട്ടയാൾ മാനഭയത്താൽ പൊലീസിൽ പരാതി നൽകിയില്ല.
ഇ.എം.ഐ തട്ടിപ്പ് വ്യാപകം
മൂലേടം സ്വദേശിക്ക് സോഷ്യൽ മീഡിയയിലൂടെയുള്ള യുവാവുമായുള്ള പരിചയം അടുത്ത സൗഹൃദമായി. സിബിൽ സ്കോർ ഇല്ലാത്തതിനാൽ ഇലക്ട്രിക് സാധനങ്ങൾ വാങ്ങാൻ കഴിയില്ലെന്നും സഹായിക്കണമെന്നും പണം കൃത്യമായി അടയ്ക്കുമെന്നും യുവാവ് വിശ്വസിപ്പിച്ചു. ഇലക്ട്രോണിക്സ് സ്ഥാപനത്തിൽ നിന്ന് യുവാവ് സാധനങ്ങളും വാങ്ങി. ഇ.എം.ഐ മുടങ്ങിയതോടെ വിളിച്ചാൽ കിട്ടാതായി. പൊലീസ് അന്വേഷിച്ചപ്പോഴാണ് ഈ സാധനങ്ങൾ ഇതേ കടയിൽ 20% കുറവ് തുകയ്ക്ക് വിറ്റ് പണവുമായി യുവാവ് കടന്നെന്ന് അറിയുന്നത്.
ആകെ പരാതിക്കാർ: 43
പുരുഷൻമാർ: 32
സ്ത്രീകൾ: 11
അറസ്റ്റിലായവർ: 5