kuzhi

കോട്ടയം : ഡിസി ബുക്സിന് സമീപത്തു നിന്നുമുള്ള ചെല്ലിയൊഴുക്കം റോഡ് മഴയിൽ വെള്ളം കുത്തിയൊലിച്ച് തകർന്നു. ജൽജീവൻ മിഷൻ പദ്ധതിയ്ക്കായി എടുത്ത ട്രഞ്ചിന്റെ അതേ നീളത്തിൽ അഞ്ച് അടിയോളം ആഴത്തിൽ ഇരുന്നൂറ് മീറ്ററോളം ദൂരത്തിലാണ് റോഡ് വീണ്ടും തകർന്നത്. പൈപ്പ് തെളിഞ്ഞ് കാണുംവിധം ആഴത്തിൽ കുഴിയായി റോഡ് മാറിയതോടെ ഇതുവഴിയുള്ള വാഹനയാത്ര ദുരന്തം ക്ഷണിച്ചു വരുത്തുന്നതായി. മുന്നറിയിപ്പ് ബോർഡ് വെക്കാത്തതിനാൽ രാത്രി കാൽനടയാത്ര പോലും അപകടകരമാണ്.

രാത്രികാലങ്ങളിൽ വാഹനങ്ങളിൽ ഇതിലൂടെ ആരും യാത്ര ചെയ്യരുതേ എന്നാണ് പ്രദേശവാസികളുടെയും അഭ്യർത്ഥന.

ചെല്ലിയൊഴുക്കം റോഡിൽ ജൽജീവൻ പദ്ധതിക്കായി രണ്ട് മാസം മുമ്പ് പൈപ്പ് ഇട്ട് മൂടി. മുകളിലെ മണ്ണ് മാന്തി മാറ്റി മെറ്റൽ ഇട്ടു. തുടർന്ന് മേയ് 22-ന് പെയ്ത മഴയിൽ ഈ മെറ്റൽ ഇളകി കുഴി രൂപപ്പെട്ടിരുന്നു. കുഴികൾ അടച്ച് അപകട ഭീഷണി ഒഴിവാക്കിയെങ്കിലും വെള്ളിയാഴ്ച രാത്രി പെയ്ത മഴയിൽ വീണ്ടും തകരുകയായിരുന്നു.