
പാലാ: കഴിഞ്ഞ വർഷം സ്‌കൂൾ വാർഷികം നടത്താത്തതിനെത്തുടർന്ന് ഏറെ പഴികേട്ട പാലാ മഹാത്മാഗാന്ധി മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അധികാരികൾ പ്രവേശനോത്സവം അടിപൊളിയാക്കും. പ്രതിഭകളെ ആദരിക്കാൻ പ്രവേശനോത്സവ ദിവസം വേദിയാക്കും.
ഹയർസെക്കൻഡറി വിഭാഗത്തിലും ഹൈസ്‌കൂൾ വിഭാഗത്തിലുമാണ് സ്കൂൾ വാർഷികം നടത്താതിരുന്നത്. ഇതുസംബന്ധിച്ച് കേരള കൗമുദി മേയ് 26ന് റിപ്പോർട്ട് ചെയ്തിരുന്നു.
ആണ്ടിലൊരിക്കൽ സ്‌കൂൾ വാർഷികം നടത്തണമെന്ന നിബന്ധന സ്‌കൂൾ മാനുവലിൽ ഉള്ളപ്പോഴാണ് ഫണ്ടില്ലെന്നും സമയം കിട്ടിയില്ലെന്നുമൊക്കെയുള്ള തൊടുന്യായങ്ങൾ നിരത്തി സ്‌കൂൾ വാർഷികം നടത്താതിരുന്നത്. എല്ലാ വർഷവും ഇത്തരം ആഘോഷപരിപാടികൾ നടത്തുകയും മികച്ച വിദ്യാർത്ഥികൾക്ക് എൻഡോവ്‌മെന്റുകളും മറ്റും വിതരണം ചെയ്യാറുള്ളതുമാണ്.
ഇതുസംബന്ധിച്ച് സ്‌കൂൾ പി.ടി.എ. മുൻവൈസ് പ്രസിഡന്റ് മരങ്ങാട്ടുപിള്ളി ആണ്ടൂർ ഏറത്തുരുത്തിയില്ലം ശ്രീജാഗോപകുമാർ വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ ഡയറക്ടർ, കോട്ടയം ജില്ലാ കളക്ടർ, കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് രേഖാമൂലം പരാതികൾ കൊടുത്തിരുന്നു.
''കേരള കൗമുദി''യിൽ ഇതു സംബന്ധിച്ച് വാർത്ത വന്നതോടെ ഉന്നത വിദ്യാഭ്യാസ അധികാരികൾ പ്രശ്‌നത്തിൽ ഇടപെടുകയും ഇത്തവണത്തെ പ്രവേശനോത്സവത്തിൽ പ്രതിഭകൾക്ക് മൊമന്റോകളും മറ്റും നൽകി ആദരിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. ഇത് സംബന്ധിച്ച് സ്‌കൂൾ പി.ടി.എ. കഴിഞ്ഞ ദിവസം ചേരുകയും എല്ലാ വർഷവും സ്‌കൂൾ വാർഷികം നടത്താൻ തീരുമാനിക്കുകയും ചെയ്തു.
പ്രവേശനോത്സവവും മെറിറ്റ്‌ഡേയും നാളെ
സ്‌കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവവും മെറിറ്റ്‌ഡേയും നാളെ രാവിലെ 10.30 ന് സ്‌കൂൾ ഹാളിൽ നടത്തുമെന്ന് പി.ടി.എ. പ്രസിഡന്റ് പി.എൻ. സുഭാഷ്, ഹെഡ്മാസ്റ്റർ ജെഫ്‌റുദ്ദീൻ അബൂബക്കർ, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് റീനാമോൾ എബ്രാഹം എന്നിവർ അറിയിച്ചു. പി.ടി.എ. പ്രസിഡന്റ് പി.എൻ. സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ ഉദ്ഘാടനം ചെയ്യും. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പ്രതിഭകളെ ആദരിക്കും.
സ്‌കൂൾ അധികാരികളുടെ പിടിപ്പുകേടും അലംഭാവവും മൂലം കഴിഞ്ഞവർഷം സ്‌കൂൾ വാർഷികം നടത്തിയില്ലെങ്കിലും അതിനുപകരമായി ഇത്തവണ സ്‌കൂൾ പ്രവേശനോത്സവ സമയത്ത് പ്രതിഭകളെ ആദരിക്കാൻ തീരുമാനിച്ചത് നല്ലകാര്യമാണ്. മൂന്നിന് നടക്കുന്ന പ്രവേശനോത്സവത്തോടൊപ്പം മെറിറ്റ് ഡേയും നടത്തുമെന്ന് സ്‌കൂളിൽ നിന്ന് വിളിച്ച് അറിയിച്ചിരുന്നു. മേലിൽ സ്‌കൂൾ വാർഷികാഘോഷം മുടങ്ങാതെ നടത്താനുള്ള പി.ടി.എ.യുടെ തീരുമാനത്തെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
പരാതിക്കാരി ശ്രീജഗോപകുമാർ