pic

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ ഇന്ന് പൊതുതിരഞ്ഞെടുപ്പ്. പുതിയ പ്രസിഡന്റിനെയും പാർലമെന്റിന്റെ അധോസഭയായ ചേംബർ ഒഫ് ഡെപ്യൂട്ടീസിലെ 500 അംഗങ്ങളെയും ഉപരിസഭയായ സെനറ്റിലെ 128 അംഗങ്ങളെയും തിരഞ്ഞെടുക്കും. പ്രാദേശിക ഭരണകൂടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ഇന്ന് നടക്കും. 20,700 ലേറെ പദവികൾക്കായി 70,000 ത്തോളം സ്ഥാനാർത്ഥികളുണ്ട്. 10 കോടിയോളം വോട്ടർമാരുണ്ട്.

മെക്സിക്കോയുടെ ചരിത്രത്തിലാദ്യം ഒരു വനിതാ പ്രസിഡന്റ് പദവിയിലെത്താൻ പോകുന്ന തിരഞ്ഞെടുപ്പാണിത്. ഭരണപക്ഷമായ മൊറേന പാർട്ടിയുടെ സ്ഥാനാർത്ഥിയായ ക്ലൗഡിയ ഷെയ്‌ൻബോം (61), നാഷണൽ ആക്ഷൻ പാർട്ടി നേതാവും മുൻ സെനറ്ററുമായ സോചീൽ ഗാൽവേസ് (61) എന്നിവർ തമ്മിലാണ് പ്രധാന ഏറ്റുമുട്ടൽ.

ശാസ്ത്രജ്ഞയും മെക്സിക്കോ സിറ്റി മുൻ മേയറുമായ ക്ലൗഡിയയ്ക്കാണ് വിജയ സാദ്ധ്യതയെന്നാണ് സർവേ ഫലങ്ങൾ. 2018ൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ പ്രസിഡന്റ് മാനുവൽ ലോപസ് ഒബ്രഡോറിന്റെ അജൻഡകൾ പിന്തുടരുമെന്നാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായി ആയ ക്ലൗഡിയയുടെ പ്രധാന വാഗ്ദാനം. പാവങ്ങൾക്കായി അവതരിപ്പിച്ച ക്ഷേമ പദ്ധതികളിലൂടെ ജനപ്രിയനാണ് ഒബ്രഡോർ.

മയക്കുമരുന്ന് മാഫിയകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പരിസ്ഥിതിക്ക് ഹാനികരമായ തരത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുമാണ് പുതിയ പ്രസിഡന്റിന് മുന്നിലെ പ്രധാന വെല്ലുവിളികൾ. ഇന്ത്യൻ സമയം ഇന്ന് രാത്രി 7.30ന് തുടങ്ങുന്ന വോട്ടിംഗ് (പ്രാദേശിക സമയം രാവിലെ 8) നാളെ പുലർച്ചെ 5:30ന് അവസാനിക്കും. രാവിലെ 9.30ഓടെ ഫല സൂചനകൾ പുറത്തുവരും. പുതിയ പ്രസിഡന്റ് ഒക്ടോബർ 1ന് ചുമതലയേറ്റെടുക്കും. 2030 വരെ തുടരാം.

കൊല്ലപ്പെട്ടത് 37 സ്ഥാനാർത്ഥികൾ

ആധുനിക മെക്സിക്കോയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ രക്തക്കറ പുരണ്ട തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്തവണത്തേത്. കഴിഞ്ഞ ജൂൺ മുതൽ ഇതുവരെ 37 സ്ഥാനാർത്ഥികൾ അടക്കം 200ലേറെ പേർ പ്രചാരണങ്ങൾക്കിടെ കൊല്ലപ്പെട്ടു. ഗുണ്ടാ സംഘങ്ങളുടെ ഭീഷണി മൂലം 600ഓളം സ്ഥാനാർത്ഥികൾ സുരക്ഷയ്ക്കായി അംഗരക്ഷകരെ നിയമിച്ചു.