
പാലാ: മക്കളെല്ലാം ഇംഗ്ലീഷ് എം.എക്കാർ! മോനിപ്പള്ളി കുരീക്കാട്ടുകുന്നേൽ തറവാട്ടിലെ ഇംഗ്ലീഷ് പെരുമയിൽ നിറയുകയാണ് പ്രൊഫ കെ.എം.ചാക്കോയും മക്കളും. പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ.സിബി ജയിംസാണ് മക്കളിൽ മൂത്തത്. പിതാവ് പ്രൊഫ കെ.എം.ചാക്കോ ഏറെക്കാലം കുറവിലങ്ങാട് ദേവമാതാ കോളജിൽ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. പ്രൊഫ ചാക്കോ-മേരി ദമ്പതികളുടെ അഞ്ച് മക്കളിൽ നാലും കോളേജ് അദ്ധ്യാപകരാണ്. ആൺമക്കളിൽ മൂത്തയാളായ സിബി ജയിംസ് ദില്ലി ജെ.എൻ.യുവിൽ നിന്നാണ് എം.എ പാസായത്. പാലാ സെന്റ് തോമസ് കോളജിൽ നിന്ന് ബി.എ ഇംഗ്ലീഷിൽ ഒന്നാം റാങ്കുമായാണ് സിബി ദില്ലിയ്ക്ക് വണ്ടി കയറിയത്. കഴിഞ്ഞദിവസമാണ് ഡോ.സിബി മാതൃകലാലയത്തിൽ പ്രിൻസിപ്പലായി ചുമതലയേറ്റത്. രണ്ടാമത്തെയാൾ സാബു ജയിംസ് സെന്റ് തോമസ് കോളേജിൽ നിന്ന് എം.എ ഇംഗ്ലീഷ് പാസായ ശേഷം പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ സിനിമാറ്റോഗ്രാഫി പഠിച്ചു. ഇപ്പോൾ തെലുങ്ക് സിനിമയിലെ അറിയപ്പെടുന്ന ഛായാഗ്രാഹകനും. പെൺമക്കളിൽ മൂത്തയാളായ ഡോ. സോണിയാ ജയിംസ് ഹൈദ്രാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എ ബിരുദമെടുത്തത്. ഇളയ പെൺമക്കളായ സോഫിയാ ജയിംസും മീരാ എലിസബത്ത് ജയിംസും സെന്റ് തോമസ് കോളജിൽ നിന്ന് ഉയർന്ന മാർക്കിൽ എം.എയ്ക്ക് ജയിച്ചുകയറി.
സഹോദരങ്ങൾക്ക് അറിവ് പകർന്ന്
സെന്റ് തോമസ് കോളജിലെ എം.എ ഇംഗ്ലീഷ് ക്ലാസിൽ സാബുവിനും സോഫിയായ്ക്കും, മീരയ്ക്കും പാഠങ്ങൾ പകർന്നുകൊടുത്തതും ജ്യേഷ്ഠൻ സിബി ജയിംസ്. ഡോ.സോണിയാ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലും സോഫിയാ അങ്കമാലി മോർണിംഗ് സ്റ്റാർ കോളജിലും മീര കോട്ടയം ബസേലിയോസ് കോളജിലും ഇംഗ്ലീഷ് അദ്ധ്യാപകരാണ്.