
ചങ്ങനാശേരി : മുനിസിപ്പൽ സ്റ്റേഡിയം നവീകരണം പുരോഗമിക്കുന്നു. നിലവിൽ 80 ശതമാന ജോലികളും പൂർത്തിയായി. ജോബ് മൈക്കിൾ എം.എൽ.എയുടെ ഫണ്ടും കായികവകുപ്പിന്റെ ഫണ്ടും ഉൾപ്പെടെ 5.15 കോടി രൂപ ചിലവഴിച്ചുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. സ്റ്റേഡിയം പവിലിയനോട് ചേർന്ന് സ്ത്രീ പുരുഷൻമാർക്കായുള്ള ഫിറ്റ്‌നെസ് സെന്റർ നിർമ്മാണം നടന്നു വരുന്നു. 2500 സ്വകയർ മീറ്ററാണ് വിസ്തൃതി. അത്യാധുനിക ഉപകരണങ്ങൾ, 8.5 ടൺ ശേഷിയുള്ള സെൻട്രലൈസ്ഡ് എയർകണ്ടീഷൻ, 9.1 മ്യൂസിക് സിസ്റ്റം, ചുറ്റും ഗ്ലാസ് മിററുകൾ, എൽ.ഇ.ഡി മോണിറ്റർ സൗകര്യം, സ്ത്രീകൾക്കായി പ്രത്യേക ശുചിമുറി സംവിധാനം, ഡ്രസിംഗ് റൂം എന്നിവ ഇവിടെ ക്രമീകരിച്ചിരിക്കുന്നു.
ഫുട്‌ബോൾ ഗ്രൗണ്ട്, ഫിഫ മാനദണ്ഡങ്ങൾ പാലിച്ച്
ഉയർന്ന തലത്തിലുള്ള പ്രൊഫഷണൽ ഫുട്‌ബോൾ ഗ്രൗണ്ടുകൾ ഭൂരിഭാഗവും 102.4 മുതൽ 105.2 മീറ്റർ വരെ നീളവും 64.0 മുതൽ 68.6 മീറ്റർ വീതിയും ഉള്ളവയാണ്. ഈ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്.
105 മീറ്റർ നീളം 65 മീറ്റർ വീതിയുമുണ്ട് പ്ലേ ഏരിയയ്ക്ക്. രാത്രികാലങ്ങളിൽ മത്സരങ്ങൾ നടത്താൻ കഴിയുന്ന രീതിയിലാണ് വെളിച്ചം ക്രമീകരിക്കുന്നത്. 6 ഫ്‌ളഡ്ലൈറ്റും, 6 ഹൈമാസ് ലൈറ്റും ഒരുക്കിയിരിക്കുന്നു. സ്റ്റേഡിയത്തിന്റെ സംരക്ഷണത്തിന് 6 മീറ്റർ ഉയരത്തിൽ ഫെൻസിംഗ്.
ഗ്രൗണ്ട് നനയ്ക്കുന്നതിന് ഓട്ടോമാറ്റിക്ക് സ്പ്രിംഗ്‌ളർ സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലേക്കായ് പ്രതിദിനം 40000 ലിറ്റർ വെള്ളം വേണം. വെള്ളത്തിനായി കുഴൽ കിണർ കുത്തി. 50,000 ലിറ്റർ ശേഷിയുള്ള ടാങ്കും ക്രമീകരിച്ചിട്ടുണ്ട്. ഫുട്‌ബോൾ കോർട്ടിനു പുറത്ത് ക്രിക്കറ്റ് നെറ്റ്, വോളിബോൾ മഡ് കോർട്ട് എന്നിവയുമുണ്ട്. ഗ്രൗണ്ടിൽ 20 എം,.എം മെറ്റൽ പത്ത് സെന്റി മീറ്റർ കനത്തിൽ വിരിച്ചിരിക്കുന്നു. ഇനി 10 എം.എം മെറ്റൽ 5 സെന്റിമീറ്റർ കനത്തിൽ ഇതിനു മുകളിലായി ഇടും. പിന്നീട് ഇതിന് മുകളിലായ് ചുവന്നമണൽ 10 സെന്റിമീറ്റർ കനത്തിൽ ഇടും. അതിനു മുകളിലായി 5 സെന്റിമീറ്റർ കനത്തിൽ മണ്ണ്, പുഴ മണൽ, വളം എന്നിവ സമ്മിശ്രമായി വിരിച്ച് ഗ്രാസിംഗ് റൂട്ട് വച്ച് പിടിപ്പിക്കും. ഫുട്‌ബോൾ കോർട്ടിനു ചുറ്റും നടപ്പാതയ്ക്കായി ട്രാക്ക് ഒരുക്കും.
ഇത് എന്റെ സ്വപ്ന പദ്ധതി
അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരങ്ങൾ ചങ്ങനാശേരിയിൽ സംഘടിപ്പിക്കാൻ കഴിയും വിധമാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണം. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇത്. എന്റെ സ്വപ്ന പദ്ധതിയാണ് പൂർത്തിയാകുന്നത്. (ജോബ് മൈക്കിൾ എം.എൽ.എ)