കോട്ടയം: മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകൾ കളക്ടർ വി. വിഗ്‌നേശ്വരി സന്ദർശിച്ചു. പെരുമ്പായിക്കാട് വില്ലേജിലെ പള്ളിപ്പുറം സെന്റ് മേരീസ് പാരിഷ് ഹാളിലെ ക്യാമ്പും പുത്തേട്ട് ഗവ. യു.പി. സ്‌കൂളിലെ ക്യാമ്പുമാണ് ഇന്നലെ സന്ദർശിച്ചത്. പള്ളിപ്പുറം സെന്റ് മേരീസ് പാരീഷ് ഹാളിലെ ക്യാമ്പിൽ ഒൻപതു കുടുംബങ്ങളിലെ 32 പേരും പുത്തേട്ട് ഗവ. യു.പി. സ്‌കൂളിലെ ക്യാമ്പിൽ രണ്ടു കുടുംബങ്ങളിലെ 11 പേരുമാണ് താമസിക്കുന്നത്. ജില്ലയിൽ 30 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 174 കുടുംബങ്ങളിലെ 537 പേരാണ് സുരക്ഷിതകേന്ദ്രങ്ങളിലുള്ളത്. 206 പുരുഷൻമാരും 226 സ്ത്രീകളും 105 കുട്ടികളും സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയുന്നു. കോട്ടയം താലൂക്ക് 27, വൈക്കം ഒന്ന്, ചങ്ങനാശേരി ഒന്ന്, കാഞ്ഞിരപ്പളളി ഒന്ന്, എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം.