
പൊൻകുന്നം: കാലവർഷത്തെ നേരിടാൻ ആകെ നടന്നത് പേരിനൊരു മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം. ഇതുകൊണ്ടുമാത്രം മുന്നൊരുക്കങ്ങൾ പൂർണ്ണമാകുന്നില്ലെന്നും തെളിയാത്ത വഴിവിളക്കുകൾ തെളിയിക്കുന്ന കാര്യത്തിൽ മുൻഗണന നൽകണമെന്നും ആവശ്യമുയരുന്നു.
അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പൊൻകുന്നം പാലാ റോഡിൽ സ്ഥാപിച്ച സോളാർ ലൈറ്റുകൾ തെളിയാതായിട്ട് വർഷങ്ങളായി. ഇതിനെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലുമാണ്.
മഴക്കാലത്ത് രാത്രികാലങ്ങളിൽ അപകടങ്ങൾ തുടർച്ചയായുണ്ടാകുന്നതിന് പ്രധാന കാരണം റോഡിലെ ഇരുട്ടു തന്നെയാണ്. കെ.എസ്.ടി.പി.യും പി.ഡബ്ല്യു.ഡിയും തമ്മിലുള്ള തർക്കമായിരുന്നു ആദ്യമൊക്കെ ലൈറ്റുകൾ നന്നാക്കാത്തതിന് കാരണമായി പറഞ്ഞിരുന്നത്.
കെ.എസ്.ടി.പി.നിർമ്മാണം പൂർത്തിയാക്കി റോഡ് പൊതുമരാമത്ത് വുകുപ്പിനെ ഏല്പിച്ചതിനാൽ ലൈറ്റ് തെളിയുക്കുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ടത് പൊതുമരാമത്ത് വകുപ്പ് തന്നെയാണ്. അവരുടെ അനസ്ഥയാണ് സംസ്ഥാന ഹൈവേ ഇരുട്ടിലാകാൻ കാരണം. കേടായ വിളക്കുകൾ പുനസ്ഥാപിക്കുന്ന കാര്യം അനർട്ടിനെ ഏൽപ്പിച്ചെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. 40 മീറ്റർ ഇടവിട്ടാണ് സോളാർ ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ബാറ്ററിയുടെ തകരാറുമൂലമാണ് മിക്ക ലൈറ്റുകളും തെളിയാതായത്. വിളക്കുകാലുകളിൽ കുറെയെണ്ണം വണ്ടി ഇടിച്ച് തകർത്തു. ചിലതൊക്കെ മോഷ്ടാക്കൾ കൊണ്ടുപോയി. ശേഷിക്കുന്നവയിൽ മിക്കതിലും വള്ളിപ്പടർപ്പുകൾ മൂടി. അധികാരികൾ തിരിഞ്ഞു നോക്കുന്നില്ലെന്നതിന്റെ തെളിവാണ് ഇതൊക്കെ. പാതയുടെ ഇരുവശങ്ങളിലും കാടുവളർന്നതിനാൽ കാൽനടയാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നു. ഇഴജന്തുക്കളെ ഭയന്നാണ് ഇരുട്ടിൽ തപ്പി നടക്കുന്നത്. പ്രധാന പാതകളിൽ മാത്രമല്ല ഗ്രാമീണ റോഡുകളും ഇരുട്ടിലാണ്. മരം വീണും വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീണും ഉണ്ടാകുന്ന അപകടങ്ങൾ മഴക്കാലത്ത് പതിവാണ്. അധികാരികൾ കണ്ണുതുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.