
കോരുത്തോട്: പ്രധാനാദ്ധ്യാപക ചുമതല ഭർത്താവ് ഭാര്യയ്ക്ക് കൈമാറി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന അപൂർവ ചടങ്ങിന് കഴിഞ്ഞ ദിവസം സി.കെ.എം.ഹൈസ്ക്കൂൾ വേദിയായി. 33 വർഷത്തെ സേവനത്തിനിടയിൽ കഴിഞ്ഞ നാല് വർഷം സ്ക്കൂളിന്റെ പ്രഥമാദ്ധ്യാപകനായിരുന്ന സി.എസ്. സിജുവാണ് ഇതേ സ്ക്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയായ ഭാര്യ ബിന്ദു കൃഷ്ണന് സ്ക്കൂളിന്റെ മേധാവി സ്ഥാനം കൈമാറി മേയ് 31 ന് സ്ക്കൂളിന്റെ പടവുകളിറങ്ങിയത്.
കായിക കേരളത്തിന്റെ തിലകക്കുറിയായിരുന്ന കോരുത്തോട് സി.കേശവൻ മെമ്മോറിയൽ ഹൈസ്ക്കൂളിന് കഴിഞ്ഞ രണ്ടു വർഷമായി എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിക്കൊടുത്തതിന്റെ ചാരിതാർത്ഥ്യത്തിലാണ് സിജു സാർ വിരമിക്കുന്നത്. 32 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് ലഭിച്ചതും സ്ക്കൂളിന്റെ മികവിന് തിളക്കം കൂട്ടി. പാഠ്യേതര വിഷയങ്ങളിലും സ്ക്കൂൾ മുന്നിലാണ്. സാധാരണക്കാരുടെ മക്കൾ മാത്രം പഠിക്കുന്ന സ്ക്കൂളിൽ സഹപ്രവർത്തകരുടെ സഹകരണത്തോടെ നടത്തിയ കഠിനപ്രവർത്തനത്തിലൂടെയാണ് മികച്ച വിജയം നേടാനും നിലനിർത്താനും കഴിഞ്ഞത്.
സ്ക്കൂൾ മാനേജ്മെന്റിന്റെ നവആശയങ്ങളുടെ പിൻബലത്തിൽ കാലത്തിനു മുൻപേ സഞ്ചരിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കി സ്ക്കൂളിന്റെ മുഖച്ഛായ മാറ്റിയെടുക്കുക എന്നതാണ് ബിന്ദു കൃഷ്ണന്റെ ലക്ഷ്യം. ഡോ.അക്ഷയ് ശ്രീധർ, നവനീത് കൃഷ്ണ (എൻജിനീയറിംഗ് വിദ്യാർത്ഥി) എന്നിവരാണ് മക്കൾ.