paral-kumarankari-road

ചങ്ങനാശേരി : പറാൽ കുമരങ്കരി റോഡ് തകർന്നു. ഓരോ ദിവസം കഴിയുന്തോറും റോഡിൽ കൂടുതൽ ഭാഗങ്ങൾ തകരുന്നത് പതിവായി. എന്നിട്ടും അധികൃതർക്ക് കുലുക്കമില്ല. പടിഞ്ഞാറൻ മേഖലയിലേക്കുള്ള പ്രധാന സഞ്ചാരപാതയാണിത്. റോഡ് നശിച്ചതോടെ അപ്പർ കുട്ടനാട്ടിൽ നിന്നുള്ളവർ ചങ്ങനാശേരി മാർക്കറ്റ് ഭാഗത്തേക്ക് എത്താതെയായി. ഇത് മാർക്കറ്റിലെ വ്യാപാരത്തെയും വലിയ രീതിയിൽ ബാധിച്ചു. എസി റോഡിന്റെ നവീകരണ ജോലികൾ ആരംഭിച്ചതോടെ ടിപ്പർ ലോറികൾ നിയന്ത്രണമില്ലാതെ ഓടിയതോടെയാണ് പൂർണമായി തകർന്നത്. കുഴികളുടെ എണ്ണത്തിലും റെക്കോർഡ് ഇട്ടിരിക്കുകയാണ് റോഡ്. 100ലധികം കുഴികളാണ് 4.6 കിലോമീറ്റർ ദൂരത്തിലുള്ളത്.

പതിയിരിക്കുന്നു അപകടം


റോഡിൽ പലയിടങ്ങളിലും ടാറിംഗ് വിണ്ടുകീറിയ നിലയിലാണ്. പല ഭാഗങ്ങളിലും വലിയ ഗർത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഇതിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ മറിയുന്നത് പതിവ് കാഴ്ചയാണ്.

ഭാരവാഹനങ്ങൾ തുടർച്ചയായി സഞ്ചരിക്കുന്നതോടെ ചില ഭാഗങ്ങളിൽ റോഡ് താഴ്ന്നു പോയിട്ടുണ്ട്. ദൂരെ നിന്ന് എത്തുന്ന വാഹനങ്ങൾക്ക് റോഡിലെ ഈ കെണി മനസിലാകില്ല. റോഡിലെ നിരപ്പ് വ്യത്യാസമുള്ള ഭാഗത്ത് എത്തുമ്പോൾ ചെറുവാഹനങ്ങൾ നിയന്ത്രണംവിട്ട് മറിയുന്നു. ഇതിനോടകം ഒട്ടേറെ ആളുകൾക്ക് ഗുരുതര പരിക്കുകൾ സംഭവിച്ചു. താരതമ്യേന വീതി കുറഞ്ഞ റോഡിന്റെ ഇരുവശങ്ങളിലും ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ടതോടെ ഇരു വശത്തു നിന്ന് വാഹനങ്ങൾ എത്തിയാൽ കടന്നു പോകാൻ പ്രയാസം.
കൃഷി ആവശ്യങ്ങൾക്കായി വാഹനങ്ങൾ എത്തിക്കാനും പ്രയാസമെന്നു കർഷകർ.


റോഡിനെ ആശ്രയിക്കുന്നവർ ഏറെ


ചങ്ങനാശേരി മാർക്കറ്റിൽ നിന്ന് ആരംഭിച്ച് കുമരങ്കരിയിൽ എത്തുന്ന റോഡിനെ ആശ്രയിക്കുന്നവർ അനേകരാണ്.എസി റോഡിലും തുരുത്തി മുളയ്ക്കാംതുരുത്തി റോഡിലും നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പടിഞ്ഞാറൻ മേഖലയിലേക്ക് വിവിധ ആവശ്യങ്ങളുമായി പോകുന്ന യാത്രക്കാർ ഉൾപ്പെടെയുള്ളവരും ഇപ്പോൾ പറാൽ കുമരങ്കരി റോഡിനെയാണ് കൂടുതലായി ആശ്രയിക്കുന്നത്.