പാലാ: ശ്രീനാരായണ ഗുരുദേവ തൃക്കരങ്ങളാൽ വേൽ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്രത്തിലെ 97ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം 6 ന് ക്ഷേത്രം തന്ത്രി ജ്ഞാന തീർത്ഥ സ്വാമികളുടേയും മേൽശാന്തി സനീഷ് വൈക്കത്തിന്റേയും മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ ചടങ്ങുകളോടെ ആഘോഷിക്കും. പുലർച്ചെ 3 ന് സരസ്വതീയാമത്തിൽ നടതുറന്ന് തൃപ്പാദങ്ങൾ വേൽ പ്രതിഷ്ഠ നടത്തിയ സമയത്ത് പ്രതിഷ്ഠാ ദർശന ദീപാരാധന നടക്കും.

ശ്രീകോവിലിനുള്ളിൽ ഗുരുദേവ തൃപ്പാദങ്ങളുടേയും ആനന്ദ ഷൺമുഖ ഭഗവാന്റെയും ചൈതന്യം നിറഞ്ഞ് നിൽക്കുന്ന ആ പുണ്യമുഹൂർത്തത്തിൽ ദർശനം നടത്തുന്നത് അതിവിശിഷ്ഠമാണ്. തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ശിവപൂജ, കലശാഭിഷേകം, മഹാഗുരുപൂജ, വിശേഷാൽ പ്രതിഷ്ഠാദിനപൂജ എന്നിവയുണ്ട്.

തുടർന്ന് ക്ഷേത്രം തന്ത്രി ജ്ഞാനതീർത്ഥ സ്വാമികളുടെ അനുഗ്രഹ പ്രഭാഷണവും 10ന് പ്രമുഖ പ്രഭാഷകൻ കണ്ണൂർ വി.കെ.സുരേഷ് ബാബുവിന്റെ പ്രഭാഷണവും നടക്കും. 1 ന് മഹാപ്രസാദ ഊട്ടുമുണ്ട്.