
പാലാ: ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ തുടർന്നുള്ള എല്ലാ വർഷങ്ങളിലും കൃത്യമായി വാർഷികാഘോഷവും മികച്ച പ്രതിഭകൾക്കുള്ള സമ്മാനവിതരണവും നടത്തുമെന്ന് പാലാ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു. ഇന്നലെ നടന്ന സ്‌കൂൾ പ്രവേശനോത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം ഹയർസെക്കൻഡറിയിലെയും ഹൈസ്‌കൂളിലെയും വാർഷികാഘോഷങ്ങൾ നടത്താത്തത് ''കേരള കൗമുദി'' ചൂണ്ടിക്കാട്ടിയ കാര്യം ബൈജു കൊല്ലംപറമ്പിൽ സദസിനോട് പങ്കുവച്ചു. കാരണങ്ങളെന്തായാലും വാർഷികം നടത്താത്തതിന് ന്യായീകരണമില്ല. കുട്ടികൾക്ക് ലഭിക്കേണ്ട പുരസ്‌കാരങ്ങൾ യഥാസമയം വിതരണം ചെയ്യേണ്ടതായിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകൊണ്ട് ഇന്നലെ പ്രവേശനോത്സവത്തിൽ അമ്പതോളം വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തത് നല്ല കാര്യമാണെന്നും ബൈജു കൊല്ലംപറമ്പിൽ ചൂണ്ടിക്കാട്ടി.
പ്രതിഭകളെ ആദരിക്കലും പ്രവേശനോത്സവവും നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.എൻ. സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബൈജു കൊല്ലംപറമ്പിൽ, സാവിയോ കാവുകാട്ട്, ടൗൺ വാർഡ് കൗൺസിലർ ബിജി ജോജോ, സ്‌കൂൾ പ്രിൻസിപ്പൽ ഇൻചാർജ്ജ് റീനാമോൾ എബ്രഹാം, ഹെഡ്മാസ്റ്റർ ജഫ്‌റുദ്ദീൻ അബൂബക്കർ, ലിൻസി എം. അഗസ്റ്റിൻ, ശ്രീകല കെ., ലിറ്റി ജോസഫ് തുടങ്ങിയവർ ആശംസകൾ നേർന്നു.