
കോട്ടയം: സ്ഥാനാർത്ഥികൾ മനസ് പാകപ്പെടുത്തി. ഫലമെന്തായാലും നേരിടാൻ ഉറപ്പിച്ചു. കാടിളക്കിയുള്ള പ്രചാരണം ഫലം കണ്ടോയെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം. പതിനൊന്നോടെ കോട്ടയം ആർക്കൊപ്പമെന്ന് വ്യക്തമാകും. കോട്ടയത്തിന് പുറമേ, പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളുടെ ഫലത്തിനായും കാത്തിരിക്കുകയാണ് ജില്ലയിലെ വോട്ടർമാർ.
പത്തനംതിട്ടയിലും മാവേലിക്കരയിലും ശക്തമായ പോരാട്ടമെന്ന് എക്സിറ്റ് പോൾ പ്രവചിച്ചത് ഈ മണ്ഡലങ്ങളിലേക്കുള്ള ശ്രദ്ധ വർദ്ധിപ്പിക്കുന്നു. കേരളാ കോൺഗ്രസുകൾ, ബി.ഡി.ജെ.എസ്, പി.സി. ജോർജ് എന്നിവർക്ക് ഫലം അതിനിർണായകം. കോട്ടയത്ത് ഏത് കേരളാ കോൺഗ്രസ് വിജയിച്ചാലും മുന്നണിയിൽ താരമാകും. കേരളാ കോൺഗ്രസുകൾ തമ്മിലുള്ള പോരാട്ടത്തിലും മേൽക്കൈ നേടും. നിയസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ വിലപേശും.
എൻ.ഡി.എ മുന്നണിയ്ക്ക് കോട്ടയത്ത് ലഭിക്കുന്ന ഓരോ വോട്ടും ബി.ഡി.ജെ.എസിന് അഭിമാനപ്രശ്നമാണ്. 2019ൽ പി.സി.തോമസ് നേടിയതിനെക്കാൾ അധിക വോട്ട് ബി.ഡി.ജെ.എസ് ഉറപ്പിച്ചുകഴിഞ്ഞു. കോട്ടയം, ഏറ്റുമാനൂർ, വൈക്കം നിയസഭാ മണ്ഡലങ്ങളിൽ എൻ.ഡി.എ. വോട്ട് വർദ്ധിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബി.ഡി.ജെ.എസിനെ പ്രേരിപ്പിക്കും.
പത്തനംതിട്ട മണ്ഡലത്തിൽ വരുന്ന പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളിൽ അനിൽ ആന്റണി വോട്ട് വർദ്ധിപ്പിച്ചാൽ പി.സി.ജോർജിന് ക്രെഡിറ്റ് അവകാശപ്പെടാം. മറിച്ചാണെങ്കിൽ ജോർജിന്റെ ശോഭയ്ക്കു മങ്ങലേൽക്കും.
ഞങ്ങൾ റെഡിയാണ്
ഫ്രാൻസിസ് ജോർജ്
മാതൃ ഇടവകയായ മൂവാറ്റുപുഴ ഹോളി മാഗി പള്ളിയിൽ പുലർച്ചെ നടക്കുന്ന കുർബാനയിൽ കുടുംബസമേതം പങ്കെടുക്കും. തുടർന്ന് കോട്ടയത്തേയ്ക്കു പുറപ്പെടും. അതിരാവിലെ കോട്ടയത്തെത്തി കേരളാ കോൺഗ്രസ് ഓഫീസിലും ഡി.സി.സി ഓഫീസിലുമായി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിലയിരുത്തും.
ചാഴികാടൻ
മാതൃ ഇടവകയായ എസ്.എച്ച് ദേവാലയത്തിലെ കുർബാനയ്ക്ക് ശേഷം പാർട്ടി പ്രവർത്തകരുമൊത്ത് വീട്ടിൽ ഇരുന്നാണ് തിരഞ്ഞെടുപ്പ് ഫലം അറിയുക. തുടർന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലേയ്ക്ക് പോകും.
തുഷാർ വെള്ളാപ്പള്ളി
എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി ഇന്നലെ വൈകിട്ട് കോട്ടയത്തെത്തി. പ്രവർത്തകരുമായി ആശയവിനിമയം നടത്തി. രാവിലെ പാർട്ടി ഓഫീസിലോ വീട്ടിലോ പ്രവർത്തകർക്കൊപ്പം വോട്ടെണ്ണൽ വിവരങ്ങൾ അറിയും.