
വൈക്കം: അടിതെറ്റാതിരുന്നാൽ ഭാഗ്യം. തോട്ടകം വാക്കേത്തറ കല്ലുപുരയ്ക്കൽ റോഡിൽ കെ.വി.കനാലിന് കുറുകെ നിർമ്മിച്ച പാലത്തിലേക്ക് കയറുകയെന്നാൽ ഒരു ഭാഗ്യപരീക്ഷണമാണ്. ഏത് നിമിഷവും അടിതെറ്റാം. കുത്തനെയുള്ള അപ്രോച്ച് റോഡിൽ നിന്ന് വാഹനങ്ങൾ തെന്നിമറിയും.
പൂഴി വിരിച്ച അപ്രോച്ച് റോഡ് അകലെനിന്ന് കണ്ടാൽ തന്നെ ആർക്കും അപകടം മണക്കും. അപ്രോച്ച് റോഡ് കയറിത്തുടങ്ങിയാൽ പന്തികേട് വ്യക്തമാകും. ഒരു മഴകൂടി പെയ്താൽ പിന്നെ പറയുകയും വേണം. ഇരുചക്ര വാഹനങ്ങളും ഒട്ടോറിക്ഷകളുമാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. ഓടിച്ചു കയറ്റുമ്പോൾ വാഹനം നിയന്ത്രണംവിട്ട് മറിയും. ഇത് ഒന്നല്ല, പലവട്ടം സംഭവിച്ചു.
അപകടവും പരിക്കും പതിവാണ്
തലയാഴത്ത് നിന്ന് കല്ലറ, മുണ്ടാർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരും ചെത്തുതൊഴിലാളികളുമാണ് അപകടപ്പെടുന്നത്. യാത്രക്കാരുമായി പാലത്തിലേറുന്നതിനിടയിൽ ഒട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാർക്കും ഡ്രൈവർക്കും പരിക്കേറ്റത് ഏതാനും മാസങ്ങൾക്ക് മുമ്പാണ്. വെള്ളത്തിൽ മുങ്ങിയ വഴിയിലൂടെ നീന്തിയെത്തി തെന്നുന്ന അപ്രോച്ച് റോഡിലൂടെ പാലത്തിലേറുന്ന വിദ്യാർത്ഥികളും നിരവധി തവണ അപകടത്തിൽപ്പെട്ടു.
ഇനി വേണ്ടത്
റോഡ് ഉയർത്തി നിർമ്മിച്ച് ഗതാഗതം സുരക്ഷിതമാക്കണം