പാലാ: തൃശൂരിലെ സുരേഷ് ഗോപിയുടെ തകർപ്പൻ വിജയത്തിൽ മതിമറന്നാഹ്ലാദിക്കുന്നൊരു കുടുംബവും ഗൃഹനാഥനുമുണ്ട് പാലായിൽ. തെക്കേക്കരയിലെ പുളിക്കക്കണ്ടം കുടുംബവും ഗൃഹനാഥൻ ബിജു പുളിക്കക്കണ്ടവും. സുരേഷ് ഗോപി എവിടെയുണ്ടോ അവിടെയെല്ലാം ഒരു നിഴൽപോലെ ബിജു പുളിക്കക്കണ്ടമുണ്ട്. ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ല. മുപ്പത് വർഷം മുമ്പാരംഭിച്ച സുദൃഢമായ ബന്ധം. കഴിഞ്ഞ മൂന്ന് മാസമായി ബിജു സുരേഷ് ഗോപിക്കൊപ്പം തൃശ്ശൂരിലായിരുന്നു. അവിടുത്തെ പദയാത്ര, എസ്ജി കോഫി ടൈം ഷോ തുടങ്ങി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുവരെ സുരേഷ് ഗോപിയുടെ വ്യക്തിപരമായ കാര്യങ്ങളെല്ലാം നോക്കി നടത്തിയത് ബിജു പുളിക്കക്കണ്ടമാണ്. മുപ്പത് വർഷം മുമ്പ് പാലായിൽ ഷൂട്ടിംഗിനെത്തിയ സുരേഷ് ഗോപി സുഹൃത്ത് രൺജി പണിക്കരുടെ നിർദ്ദേശപ്രകാരം പണിക്കരുടെ ബന്ധുകൂടിയായ പുളിക്കക്കണ്ടം ബിജുവിന്റെ വസതിയിലാണ് താമസിച്ചത്. അന്ന് തുടങ്ങിയ ആത്മബന്ധമാണ്. പാലാ കുരിശുപള്ളി മാതാവും അരുവിത്തുറ പുണ്യാളനും കടപ്പാട്ടൂർ മഹാദേവനും ഏറ്റുമാനൂരപ്പനുമൊക്കെ സുരേഷ് ഗോപിയുടെ ഭക്തിവഴികളിലെ സജീവസാന്നിധ്യമാണ്. ഇതിനെല്ലാം ആദ്യം വഴിതെളിച്ചത് ബിജു പുളിക്കക്കണ്ടവുമായിട്ടുള്ള അടുപ്പമാണ്. പാലായിലെ പുളിക്കക്കണ്ടം വീട് സുരേഷ് ഗോപിക്ക് സ്വന്തം വീടുപോലെയാണ്. വീട്ടിലേക്ക് വന്നാൽ നേരെ അടുക്കളയിലേക്ക്.
ഞാനും സുരേഷേട്ടനുമായിട്ടുള്ള ആത്മബന്ധം ഈശ്വരനിയോഗമാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഞങ്ങൾ തമ്മിൽ പങ്കുവയ്ക്കാത്ത ഒരു രഹസ്യങ്ങളുമില്ല. എന്റെ സ്വന്തം ചേട്ടന്റെ സ്ഥാനത്താണ് സുരേഷേട്ടൻ
ബിജു പുളിക്കക്കണ്ടം
ഫോട്ടോ അടിക്കുറിപ്പ്
1. ബിജു പുളിക്കക്കണ്ടം സുരേഷ് ഗോപിയോടൊപ്പം
2. സുരേഷ് ഗോപിയും ഭാര്യ രാധികയും കഴിഞ്ഞ ഡിസംബറിൽ പാലാ കുരിശുപള്ളി മാതാവിന്റെ സന്നിധിയിൽ എത്തിയപ്പോൾ. സമീപം ബിജു പുളിക്കക്കണ്ടം