പാലാ: പാലാ നിയോജകമണ്ഡലത്തിൽ ഫ്രാൻസിസ് ജോർജിന് 12465 വോട്ടിന്റെ ഭൂരിപക്ഷം.മുൻപ് പാലാ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന മാണി സി.കാപ്പൻ എം.എൽ.എയ്ക്ക് കിട്ടിയ അത്രയും ഭൂരിപപക്ഷമില്ലെങ്കിലും നിയോജകമണ്ഡലത്തിലെ കരൂർ ഒഴികെയുള്ള 11 പഞ്ചായത്തുകളിലും നഗരസഭയിലും ഫ്രാൻസിസ് ജോർജിന് ഭൂരിപക്ഷം ലഭിച്ചത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചു.

സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തോടൊപ്പം പ്രാദേശികമായി സി.പി.എമ്മിലേയും കേരളാകോൺഗ്രസ് എമ്മിലേയും ചില നേതാക്കൾ തമ്മിലുള്ള വൈരവും പടലപിണക്കങ്ങളും യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് സഹായകരമായി എന്നത് വ്യക്തം.പാലാ നഗരസഭയിൽ സി.പി.എമ്മിലെ ഒരു വിഭാഗവും കേരളാ കോൺഗ്രസ് എമ്മും തമ്മിലുള്ള തമ്മിലടി വലിയ തലവേദനയാണ് ഇടതുമുന്നണിയ്ക്ക് ഉണ്ടാക്കിയത്.

പഞ്ചായത്തുകളിൽ നിലവിലെ ഭൂരിപക്ഷം പോലും തോമസ് ചാഴിക്കാടന് ലഭിക്കാത്തത് സംബന്ധിച്ച് വിശദമായി ചർച്ചചെയ്ത് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമെന്ന് പ്രാദേശിക ഇടതുമുന്നണി നേതാക്കൾ തിരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ വ്യക്തമാക്കിയിട്ടുണ്ട്.