കോട്ടയ : ഒമ്പത് വർഷമായി പാതിവഴിയിലായ കോടിമത രണ്ടാംപാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. പഴയ കരാറുകാരന് തന്നെയാണ് പുതിയ നിർമാണച്ചുമതല. 10 കോടിയിൽ നിർമ്മാണം പൂർത്തിയാകേണ്ടിയിരുന്ന പാലത്തിന് ഇപ്പോൾ 17 കോടിയാണ് ചെലവ് കണക്കാക്കുന്നത്. 6.50 കോടിക്കാണ് പുതിയ കരാർ. തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെയാണ് പാലം നിർമ്മാണം തുടങ്ങിയത്. എന്നാൽ
സമീപനപാതയ്ക്കുള്ള സ്ഥലം ഏറ്റെടുത്തില്ലെന്ന കാര്യം ഉദ്യോഗസ്ഥർ മറച്ചുവച്ചതോടെ പണി മുടങ്ങി. പാലത്തിന് ഇരുവശവും 100 മീറ്റർ വീതം സ്ഥലം ഉണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് സ്ഥലം ഏറ്റെടുക്കാനായില്ല. ഇതിനിടെ പുറമ്പോക്കിലെ രണ്ട് കുടുംബങ്ങൾ ഒഴിയാതെ നിന്നു. വർഷങ്ങൾ കഴിഞ്ഞതിനാൽ പഴയ നിരക്കിൽ നിർമ്മാണം പൂർത്തിയാക്കാനാവില്ലെന്ന് കരാറുകാരനും നിലപാടെടുത്തു. ഇതിനിടെ സന്നദ്ധ സംഘടന ഇടപെട്ട് പുറമ്പോക്കിലെ കുടുംബങ്ങളെ ഒഴിപ്പിച്ചു. രാഷ്ട്രീയ വിവാദങ്ങളിൽപ്പെട്ട് വീണ്ടും പണി ഇഴഞ്ഞു. പിന്നീട് മന്ത്രി മുഹമ്മദ് റിയാസും, തിരുവഞ്ചൂരും നടത്തിയ ചർച്ചയ്ക്കൊടുവിൽ സ്ഥലം ഏറ്റെടുത്ത് എസ്റ്റിമേറ്റ് പുതുക്കുകയായിരുന്നു.
2 പാലവും കൂടി 100 അടി ദൂരം
യാഥാർത്ഥ്യമായാൽ ഏറെ നേട്ടം
കോടിമത ഭാഗത്തെ തിരക്ക് ഒഴിവാകും
പത്രാധിപർ സ്‌ക്വയറിന് കൂടുതൽ ശ്രദ്ധ
മാർക്കറ്റിലേയ്ക്ക് ഭാരവാഹനങ്ങൾക്ക് വേഗം പ്രവേശിക്കാം
നഗരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരം
'' എല്ലാ തടസങ്ങളും തീർന്നു. പഴയകരാറുകാരൻ ഉടൻ പാലം നിർമ്മാണം ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്''
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ