
മുണ്ടക്കയം: ഗതാഗത പരിഷ്കാരങ്ങൾ പാളി, മുണ്ടക്കയം ബസ് സ്റ്റാൻഡ് വീണ്ടും അപകടമേഖലയായി. സ്റ്റാൻഡിനുള്ളിൽ അടുക്കും ചിട്ടയുമില്ലാതെയുള്ള ബസ് പാർക്കിംഗ് വീണ്ടും തുടങ്ങി. തോന്നുംപടിയുള്ള പാർക്കിംഗ് യാത്രക്കാരെ വലയ്ക്കുന്നത് ചില്ലറയൊന്നുമല്ല. ബസുകൾക്ക് പുറമേ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗും തലവേദനയാണ്. സ്റ്റാൻഡിനുള്ളിലെ സ്ഥാപനങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സ്വകാര്യവാഹനങ്ങളുടെ കടന്നുവരവും ബസ് സ്റ്റാൻഡിനെ അപകടമേഖലയാക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി ചേർന്ന് ഗതാഗത പരിഷ്കാരം ഏർപ്പെടുത്തയത്. എന്നാൽ ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ലായെന്നത് ഏറെ വിമർശനത്തിനിടയാക്കുന്നു. സ്വകാര്യ ബസുകളിലെയും കെ.എസ്.ആർടിസിയിലെയും ഡ്രൈവർമാർ തമ്മിലുള്ള പ്രശ്നങ്ങളാണ് പലപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നത്. റൺവേയിൽ രണ്ട് ബസുകൾ മാത്രമായി നിർത്തണം എന്നാണ് പുതിയ നിയമം. എന്നാൽ പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ല. ബസ് സ്റ്റാൻഡിനുള്ളിൽ ബസുകളുടെ വേഗം നിയന്ത്രിക്കാനും നടപടിയില്ല. കോട്ടയം കുമളി, കട്ടപ്പന റൂട്ടിൽ ഓടുന്ന സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ പലപ്പോഴും ഒരുമിച്ചാണ് സ്റ്റാൻഡിൽ എത്തുന്നത്. ഇവർ സ്റ്റാൻഡ് പിടിക്കാൻ വേണ്ടി മത്സരിക്കുന്നത് പലപ്പോഴും ഗതാഗത കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. പൊലീസിന്റെ സേവനവും നന്നേ കുറവാണ്. സ്കൂളുകൾ തുറന്നതോടെ നാലു മണിയാകുമ്പോൾ വിദ്യാർത്ഥികളുടെ തിരക്കും ടൗണിലുണ്ട്. അധികൃതർ ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾ നടപ്പിലാക്കി യാത്രക്കാർക്ക് സമാധാനത്തോടെ സഞ്ചരിക്കാനുള്ള ഇടമാക്കി സ്റ്റാൻഡ് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.