
ചങ്ങനാശേരി : നിലംപതിക്കാറായ ചുറ്റുമതിൽ, മഴ പെയ്താൽ വെള്ളക്കെട്ട് , വളർന്ന് പന്തലിച്ച് കാട്, കുന്നുകൂടി മാലിന്യം...
വാഴപ്പള്ളി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്തിലെ കാഴ്ചകൾ ഏതൊരു കായികപ്രേമിയുടെയും കണ്ണ് നിറയിക്കും. മൈതാനത്തിന്റെ പച്ചപ്പിൽ കാൽപ്പന്ത് പരിശീലനത്തിന് എത്തുന്ന വിദ്യാർത്ഥികൾ നിരാശയോടെയാണ് മടങ്ങുന്നത്. നിരവധി കായികതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സ്റ്റേഡിയം അവഗണനയുടെ ട്രാക്കിലൂടെ ഓടാൻ തുടങ്ങിയിട്ട് നാളേറെയായി. നഗരസഭയുടെ ഒന്നാംവാർഡിൽ സ്‌കൂളിൽ നിന്ന് ഏതാനും മീറ്ററുകൾ മാറിയാണ് മൈതാനം സ്ഥിതി ചെയ്യുന്നത്. ഡ്രിൽ പീരിയഡിൽ അല്പം ഉല്ലാസത്തിന് വിദ്യാർത്ഥികൾ ഇവിടെയെത്താവുന്ന വച്ചാൽ ഇഴജന്തുക്കളെ പേടിക്കണം.
നിലവിൽ സമീപവാസികളായ ഏതാനും കുട്ടികളാണ് കളിക്കാനെത്തുന്നത്. മഴക്കാലമായതോടെ സമീപത്തെ ചാലുകളിൽ നിന്നും തോട്ടിൽ നിന്നുമുള്ള വെള്ളം മൈതാനത്തേക്കാണ് ഒഴുകി എത്തുന്നത്. ഇതിന്റെ ഒപ്പം ചെളിയും എക്കലും കൂടിയെത്തുന്നതോടെ സമീപത്തെ റോഡിലൂടെയുള്ള കാൽനടയാത്രയും ദുരിതമായി. ഓടയോ, ഡ്രെയിനേജ് സംവിധാനമോ ഇല്ലാത്തതാണ് ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.
മക്കളേ... ഈ മതിൽ ചുവട്ടിൽ ഇരിക്കരുത്
ചുറ്റുമതിൽ ഇടിഞ്ഞ് മൈതാനത്തിനരികിലുള്ള മരത്തിൽ തങ്ങിയാണ് നിൽക്കുന്നത്. മതിലിന്റെ ചുവട് ഭാഗം മണ്ണിൽ നിന്ന് ഉയർന്നു നിൽക്കുകയാണ്. ഒരു ഭാഗം അടുത്തിടെ ഇടിഞ്ഞ് വീണിരുന്നു. മതിലിനരികിലാണ് കളിയുടെ ഇടവേളകളിൽ കുട്ടികൾ വിശ്രമിക്കാനിരിക്കുന്നത്. അപകടസാദ്ധ്യതയുള്ളതിനാൽ സമീപവാസികൾ കുട്ടികളെ മൈതാനത്തേയ്ക്ക് വിടാൻ മടിക്കുകയാണ്. സ്‌കൂളിന് കൈമാറിയ മൈതാനത്തിന്റെ സംരക്ഷണ മതിൽ നിർമ്മിച്ചത് നഗരസഭയാണ്. തൊഴിലുറപ്പ് തൊഴിലാളികൾ പുല്ല് വെട്ടി വൃത്തിയാക്കിയെങ്കിലും കൃത്യമായ പരിപാലനമില്ലാത്തിനാൽ കാട് വളരുകയാണ്. റോഡുകളുടെ പൊളിച്ച ടാർ വേസ്റ്റും മൈതാനത്തിൽ തള്ളുന്നതായി പരാതിയുണ്ട്.
''വിദ്യാർത്ഥികളുടെ കായികഭാവിയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്ന മൈതാനമാണ് നശിച്ച് കിടക്കുന്നത്. സംരക്ഷണ മതിൽ ഏത് സമയവും നിലം പൊത്താം. അധികൃതർ ഉടൻ നടപടി സ്വീകരിക്കണം.
-എം.പി.രവി, ബി.ജെ.പി ചങ്ങനാശേരി മണ്ഡലം ഉപാദ്ധ്യക്ഷൻ