
പാലാ: തോമസ് ചാഴികാടന്റെ പരാജയത്തെ തുടർന്ന് കേരളാ കോൺഗ്രസ് (എം) പാലാ മണ്ഡലം പ്രസിഡന്റ് ബിജു പാലൂപടവൻ തൽസ്ഥാനം രാജിവെച്ചു. ചാഴികാടന് പാലാ നഗരസഭയിൽ ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ സ്ഥാനം രാജിവയ്ക്കുമെന്ന് ബിജു പാലൂപടവൻ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പറഞ്ഞിരുന്നു. പാലാ നഗരസഭയിൽ താൻ കണക്കുകൂട്ടിയ ഭൂരിപക്ഷം തോമസ് ചാഴികാടന് കിട്ടാതിരിക്കാൻ പല കാരണങ്ങൾ ഉണ്ടെങ്കിലും പാലായിലെ മുഴുവൻ എൽ.ഡി.എഫ് നേതാക്കളും ചാഴികാടനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചുവെന്ന് ബിജു രാജിക്കത്തിൽ പറയുന്നു. ഭൂരിപക്ഷം നേടാൻ സാധിക്കാത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് പാർട്ടി നേതൃത്വത്തിന് രാജി സമർപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.