par

പാലാ: അവർ ഉയരങ്ങളിലേക്ക് കുതിക്കുമ്പോൾ പാലായ്ക്ക് അഭിമാനനിമിഷമാണ്. നാഷണൽ സീനിയർ ത്രോ ബോളിൽ കേരളത്തെ പ്രതിനിധീകരിച്ച് അഭിമാനത്തിന്റെ നിറുകയിലെത്തുകയാണ് രണ്ട് ഇരട്ടസഹോദരങ്ങൾ. പാർവതി അനിൽ, ശിവാനി അനിൽ എന്നീ സഹോദരിമാരും ഇരട്ട സഹോദരിമാരായ അഭീഷ്ട പ്രശാന്തും അഭിരാമി പ്രശാന്തുമാണ് കേരള ടീമിനുവേണ്ടി മാറ്റുരയ്ക്കുന്നത്. ഹൈദരാബാദിൽ ഇന്നലെ മത്സരങ്ങൾക്ക് തുടക്കമായി. പാർവതിയും ശിവാനിയും ജാർഖണ്ഡിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിരുന്നു. ടീമിൽ കിടങ്ങൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഒൻപത് വിദ്യാർത്ഥികൾകൂടിയുണ്ട്. പുലിയന്നൂർ കൊരട്ടിയിൽതാഴെ അനിൽകുമാറിന്റെയും ഭരണങ്ങാനം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രശ്മി മോഹന്റെയും മക്കളാണ് പാർവതി അനിലും ശിവാനി അനിലും. പാർവതി കോട്ടയം സി.എം.എസ്. കോളേജിൽ രണ്ടാം വർഷം ഗണിതശാസ്ത്ര വിദ്യാർത്ഥിയാണ്. അനുജത്തി ശിവാനി അനിൽ കിടങ്ങൂർ എൻ.എസ്.എസ് ഹൈസ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയും അരുണാപുരം ആനക്കുളങ്ങര അഭിരാമം പുത്തൂർ വീട്ടിൽ പ്രശാന്തിന്റെയും (മർച്ചന്റ് നേവി) സന്ധ്യയുടെയും ഇരട്ടമക്കളാണ് അഭീഷ്ടയും അഭിരാമിയും. ഇരുവരും കിടങ്ങൂർ എൻ.എസ്.എസ്. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളാണ്.