കടുത്തുരുത്തി : പെട്ടുപോകും കടുത്തുരുത്തി എത്തിയാൽ. തലങ്ങും വിലങ്ങും വാഹനങ്ങൾ. കാൽനടയാത്രക്കാർക്ക് മറുകര കടക്കണേൽ നല്ല സമയം നോക്കണം. മുട്ടുചിറ മുതൽ ആപ്പാഞ്ചിറ വരെ നീളുന്ന ഗതാഗത കുരുക്ക് പതിവ് കാഴ്ചയാണ്. ആംബുലൻസുകളടക്കം ട്രാഫിക് ബ്ലോക്കിൽ കുരുങ്ങും. രാവിലെയും വൈകിട്ടും കുരുക്കിന്റെ ശക്തി വർദ്ധിക്കുന്നതോടെ കടുത്തുരുത്തി ടൗൺ പിന്നിടാൻ വാഹനങ്ങൾക്ക് മണിക്കൂറുകൾ കാത്തുകിടക്കണം. വാഹനങ്ങളുടെ അമിതവേഗവും അനധികൃത പാർക്കിംഗുമെല്ലാം അപകടങ്ങൾക്കും കാരണമാകുന്നു.
വിവിധ സ്ഥലങ്ങളിലേക്കു പോകുന്നവർ റോഡുകളുടെ വശങ്ങളിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്തിട്ട് പോകുന്നതും കുരുക്കിനിടയാക്കുന്നുണ്ട്. ടൗണിലെ ഗതാഗതപ്രശ്‌നങ്ങൾ പരിഹരിക്കാൻ നിരവധി പരിഷ്‌കാരങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. നടപ്പാതകൾ വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രമായി മാറിയതോടെ റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ് കാൽനടയാത്രക്കാർ. ഇത് അപകടങ്ങൾക്കും ഇടയാക്കും. സ്കൂൾ തുറന്നതോടെ വിദ്യാർത്ഥികളടക്കം ദുരിതം നേരിടുകയാണ്.
ഇഴഞ്ഞ് ഇഴഞ്ഞ് ബൈപ്പാസ് നിർമ്മാണം
കടുത്തുരുത്തി ടൗൺ ബൈപ്പാസ് പൂർത്തിയായാലേ ഇപ്പോൾ നേരിടുന്ന ഗതാഗത പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാവൂ. ബൈപ്പാസ് പൂർത്തിയാകുന്നതോടെ വലിയവാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കു ടൗണിൽ പ്രവേശിക്കാതെ പോകാനാവും. എന്നാൽ ബൈപ്പാസ് നിർമാണം ഇഴയുകയാണ്. കടുത്തുരുത്തി ഐ.ടി.സി. ജംഗ്ഷൻ മുതൽ ബ്ലോക്ക് ജംഗ്ഷൻവരെയുള്ള 1.5കിലോമീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലുമാണ് ബൈപ്പാസ് റോഡ് നിർമ്മിക്കുന്നത്.
25.50കോടി രൂപ എസ്റ്റിമേറ്റ് തുക
അനധികൃത പാർക്കിംഗ് തലവേദന
പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതകളിലേക്ക് കാൽനടയാത്രക്കാർക്ക് പ്രവേശിക്കാനാകാത്ത വിധത്തിലാണ് വാഹനങ്ങുടെ പാർക്കിംഗ്. വാഹനത്തിരക്കേറിയ പാലത്തിലൂടെ അക്കരെ കടക്കേണ്ട സ്ഥിതിയാണ് പ്രായമായവർക്കും കുട്ടികളുൾപ്പെടെയുള്ളവർക്കും. ട്രാഫിക് ഡ്യൂട്ടിക്ക് ഹോം ഗാർഡുകളുണ്ടെങ്കിലും ഇവർ കാഴ്ചക്കാരുടെ റോളിലാണ്.
''സ്കൂൾ സമയത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ച് കുരുക്കിന് പരിഹാരം കാണണം. ഭീതിയോടെയാണ് കുട്ടികൾ റോഡ് മുറിച്ച് കടക്കുന്നത്. ബൈപ്പാസ് എത്രയും വേഗം യാഥാർത്ഥ്യമാക്കണം.
-സുരേഷ്, യാത്രക്കാരൻ