oda

കാഞ്ഞിരപ്പള്ളി: എന്തേ അധികാരികൾക്ക് കണ്ണില്ലേ. അപകടം പലവട്ടം സംഭവിച്ചു. പലരും ഓടയിൽ വീണു. കാൽനടക്കാർ കടന്നുപോകുമ്പോൾ നാട്ടുകാർക്ക് ഭയമാണ്. കണ്ണൊന്ന് തെറ്റിയാൽ എന്താണ് സംഭവിക്കുക എന്ന് ഊഹിക്കാം.... കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റൂട്ടിൽ കാപ്പാടിന് സമീപം റോഡരികിലെ മൂടിയില്ലാത്ത ഓട ഒരേസമയം ഭീതിക്കും പ്രതിഷേധത്തിനും ഇടയാക്കുകയാണ്. വാഹനയാത്രികരും കാൽനടക്കാരും കടന്നുപോകുമ്പോൾ എന്തും സംഭവിക്കാം എന്നതാണ് അവസ്ഥ.

കപ്പാട് പള്ളി, ഗവ.ഹൈസ്‌കൂൾ, അങ്കണവാടി തുടങ്ങിയ സ്ഥാപനങ്ങൾക്ക് സമീപമാണ് അപകടം വിളിച്ചുവരുത്തുന്ന ഓട. സമീപകാലത്ത് രണ്ടു കാറുകളാണ് ഓടയിൽ വീണത്. എന്നാൽ കാൽനടക്കാർ അതിലേറെ തവണ വീണു.

ചേർന്നുനടന്നാൽ ദേ വീണു!

വാഹനങ്ങൾ വരുമ്പോൾ സ്‌കൂൾ കുട്ടികളടക്കമുള്ള കാൽനടയാത്രക്കാർ ഓടയോട് ചേർന്നാണ് നടക്കുന്നത്. അങ്ങനെ ഇതിൽ പലരും ഓടയിൽ വീണു. റോഡിൻ്റെ ബാക്കി ഭാഗങ്ങളിലെല്ലാം ഓടയ്ക്ക് മുടിയും കൈവരിയുമുണ്ട്. ഓട സ്ലാബിട്ട് മൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മുമ്പ് പലവട്ടം അധികാരികൾക്ക് പരാതി നൽകിയിരുന്നു.

ഇനി ശ്രദ്ധിക്കാൻ...

കപ്പാട് - കോഴിയാനി റോഡ് തുടങ്ങുന്ന ഭാഗത്താണ് മുടിയിത്ത ഓട.

കോഴിയാനിയിൽ നിന്ന് കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലേക്ക് കടക്കുന്ന ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപെടാൻ സാധ്യതയേറെ.

കുട്ടികൾ ഉൾപ്പെടെ ഓടയിൽ വീഴുന്നത് പതിവ്‌ സംഭവമാണ്. ഓടയ്ക്ക് നടുവിലൂടെ കുടിവെള്ള പൈപ്പ്‌ലൈൻ പോകുന്നതും അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

ജോയി നെല്ലിയാനി,കപ്പാട്.

മുൻ വൈസ് പ്രസിഡന്റ്,

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്