ksrtc

തലയോലപറമ്പ്: മിനുസമുള്ള റോഡാണ്... വാഹനങ്ങളുടെ തിരക്കുമുണ്ട്. നല്ല റോഡെങ്കിലും നന്നായി പണിപെട്ടാലേ കടന്നുപോകാൻ കഴിയൂ. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള തലയോലപ്പറമ്പ് കോരിക്കൽ റോഡിലേക്ക് ഇപ്പോൾ വാഹനവുമായി എത്തിയാൽ ശനിദശയാണ്. കുപ്പിക്കഴുത്തുപോലുള്ള റോഡിൽ വാഹനയാത്രക്കാർ പെട്ടുപോകും. അത് തീർച്ചയാണ്....കുണ്ടുംകുഴിയുമായി കിടന്ന റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയതോടെ വാഹനത്തിരക്കായി. അപ്പോഴും വീതിക്കുറവ് തലവേദനായി. ബസടക്കമുള്ള വലിയ വാഹനമെത്തിയാൽ ഇരുചക്റവാഹനം പോലും പിന്നെ കടന്നുപോകില്ല. കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സിയുടെ ഗ്റാമവണ്ടി സ്‌കൂൾ ബസിന് സൈഡ് കൊടുക്കുന്നതിനിടെ പാടത്തേക്ക് ചെരിഞ്ഞത് പരിഭ്റാന്തി പരത്തിയിരുന്നു.

വളവുകൾ തലവേദനയാണ്...

നിർമ്മാണം പുരോഗമിക്കുന്ന മുളക്കുളം ചന്തപ്പാലം റോഡും തലയോലപറമ്പ് കോരിക്കൽ എഴുമാന്തുരുത്ത് റോഡുമായി ബന്ധപ്പെടുന്നതിനാൽ ഇതുവഴി ഗതാഗതം വർദ്ധിക്കാനാണ് സാധ്യത. വീതിക്കുറവിനൊപ്പം റോഡിൽ നിരവധി അപകടവളവുകളുമുണ്ട്. വളവുകൾ നിവർത്തി റോഡ് വീതികുട്ടി പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

എവിടേക്ക് പോകാം

തലയോലപ്പറമ്പിൽ നിന്ന് പഴമ്പെട്ടി, കോരിക്കൽ, മനയ്ക്കക്കരി, പൊന്നുരുക്കുംപാറ, എഴുമാംതുരുത്ത്, വാഴമന, വൈക്കം തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് പോകാൻ നിരവധിയാളുകൾ ആശ്റയിക്കുന്ന റോഡാണിത്.

ഇനിയും റോഡിന്റെ കാര്യത്തിൽ അലംഭാവം കാട്ടരുത്. വീതി വർദ്ധിപ്പിച്ചില്ലെങ്കിൽ അപകടം ഉറപ്പാണ്.
ജോൺ തപ്പേൽ, ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി.