വിജയപുരത്ത് കുടിവെള്ളമില്ല

കോട്ടയം: ദിവസങ്ങളോളം പെരുമഴയായിരുന്നു.... പക്ഷേ 16 ദിവസമായി തുള്ളിവെള്ളം കുടിക്കാനില്ലാത്ത ഗതികെട്ട അവസ്ഥയിലാണ് വിജയപുരം പഞ്ചായത്തിലെ മൂന്ന് വാർഡുകാർ. ജലഅതോറിട്ടിയെ മാത്രം ആശ്രയിക്കുന്നവർ. പക്ഷേ ടാപ്പ് തുറന്നാൽ വെള്ളമില്ല, കാറ്റ് മാത്രം. പൈപ്പിലെ ചോർച്ച കണ്ടെത്താൻ ഇതുവരെ കഴിഞ്ഞില്ലെന്നാണ് വാട്ടർ അതോറിട്ടിയുടെ വാദം. കോൺഗ്രസിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഓഫീസ് ഉപരോധിച്ചിട്ടും നടപടിയായില്ല.
പ്രദേശവാസികൾക്ക് കുടിവെള്ളം എന്നും കിട്ടാക്കനിയാണ്. മഴക്കാലത്തും കുടിവെള്ളം കാശ് നൽകി വാങ്ങണം. പഞ്ചായത്തിലെ 8,​12,​13 വാർഡുകാർക്കാണ് ദുർഗതി. സെമിനാരിക്കുന്ന് കുടിവെള്ള പദ്ധതി പ്രകാരം വെള്ളൂപ്പറമ്പിൽ നിന്നാണ് വിജയപുരത്തിന്റെ ദാഹമകറ്റാനുള്ള കുടിവെള്ളമെത്തുന്നത്. 85,​000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്ക് നിറയാൻ മുൻപ് 8 മണിക്കൂർ വേണമായിരുന്നു. എന്നാൽ ഇപ്പോൾ 16 മണിക്കൂറിന് മുകളിൽ വേണം. ഇതിനിടെയാണ് ചോർച്ച മൂലം കുടിവെള്ളം മുടങ്ങിയത്. എന്നാൽ ചോർച്ച കണ്ടുപിടിക്കാൻ ഇതുവരെ വാട്ടർ അതോറിട്ടിക്ക് കഴിഞ്ഞിട്ടില്ല. കുടിവെള്ള ടാങ്കറുകളാണ് ഇപ്പോൾ ഏക ആശ്രയം. മാങ്ങാനം ലക്ഷം വീടുകോളനി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ബുദ്ധിമുട്ടിലാണ്.

പ്രദേശത്ത്: 350 കണക്ഷനുകൾ

റോഡും താറുമാറായി

കുടിവെള്ള പൈപ്പിടാൻ റോഡുകൾ കുത്തിപ്പൊളിച്ചു. അതിപ്പോൾ തോടുപോലെയാണ്. റോഡ് ശരിയാക്കി നൽകണമെന്ന നിർദേശവും പാലിച്ചില്ല.

പലതവണ വാട്ടർ അതോറിട്ടിയെ വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ല. തകരാറിലായ വാൽവ് മാറ്റിയിടാം എന്ന് ഉപരോധത്തെ തുടർന്ന് സമ്മതിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കരാറുകാരുടെ യോഗം വിളിക്കുമെന്നും വാട്ടർ അതോറിട്ടി അറിയിച്ചിട്ടുണ്ട്.

സോമൻകുട്ടി,​ പഞ്ചായത്ത് പ്രസിഡന്റ്