കുറവിലങ്ങാട് മിഴിയടച്ച് തെരുവ് വിളക്കുകൾ
കുറവിലങ്ങാട്: എവിടേക്ക് നോക്കിയാലും വഴിവിളക്കുകളുണ്ട്. പക്ഷേ ഇതിൽ എത്രയെണ്ണം പ്രവർത്തനസജ്ജം എന്ന് ചോദിക്കരുത്. വെറുതെ കാണാൻ മാത്രമേ കൊള്ളൂ. പലതും വഴികാണിക്കില്ല. രാത്രിയാത്ര പിന്നെ പറയുകയും വേണ്ട. കുറവിലങ്ങാട് പഞ്ചായത്തിൽ രണ്ടായിരത്തിലധികം തെരുവ് വിളക്കുകൾ ഉണ്ടെങ്കിലും പൂർണമായി തെളിയുന്നില്ലെന്നാണ് പരാതി. എം.സി റോഡിൽ പട്ടിത്താനം മുതൽ പുതുവേലി ചോരക്കുഴി പാലം വരെ സ്ഥാപിച്ച സൗരോർജ വിളക്കുകളെല്ലാം തകരാറിലാണ്. ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചതിനു ശേഷം എം.സി റോഡ് ഉൾപ്പെടെ പ്രധാന പാതകളിലെല്ലാം ഇരുട്ടിലമരും. രാത്രി ബസ് ഇറങ്ങുന്നവർക്കും ദുരിതമാണ്.
മുടക്കിയത് 5 കോടി രൂപ
ഏറ്റുമാനൂർ മുതൽ മൂവാറ്റുപുഴ വരെ സൗരോർജ വിളക്കിനായി മുടക്കിയത് 5 കോടിയിലധികം രൂപയാണ്.സൗരോർജ വിളക്കുകളുടെ അറ്റകുറ്റപ്പണിക്കു പൊതുമരാമത്ത് വകുപ്പ് നടപടി ആരംഭിച്ചെങ്കിലും ജോലികൾ തുടങ്ങിയിട്ടില്ല. മൂവാറ്റുപുഴ മുതൽ ഏറ്റുമാനൂർ വരെ 2500 വിളക്കുകളുടെ നവീകരണവുമായി ബന്ധപ്പെട്ട സർവേയാണ് പൂർത്തിയാക്കിയത്.പക്ഷേ തുടർനടപടി ഉണ്ടായില്ല.
എം.സി റോഡിൽ പട്ടിത്താനം മുതൽ പുതുവേലി ചോരക്കുഴി പാലം വരെ: 269 സൗരോർജ വിളക്കുകൾ