പാലാ: ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ഭരണം ക്വാറി മാഫിയയുടെ നിയന്ത്രണത്തിലാണെന്ന് ആരോപിച്ച് വൈസ് പ്രസിഡന്റ് വിനോദ് വേരനാനി തൽസ്ഥാനം രാജിവച്ചു. എൽ.ഡി.എഫ്‌ യു.ഡി.എഫ് ഭേദമില്ലാതെ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ക്വാറി ലോബിയുടെ ചട്ടുകമായാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിനും അഴിമതിയിൽ പങ്കുണ്ടെന്ന് വിനാദ് ആരോപിച്ചു. പഞ്ചായത്തിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ പരിസ്ഥിതി ദുർബല പ്രദേശമായ കയ്യൂരിൽ ക്വാറിക്ക് ലൈസൻസ് എടുക്കാനുള്ള ശ്രമത്തിലാണെന്നും പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ സ്ഥലം ഉൾപ്പെടുന്ന പ്രദേശമാണിതെന്നും വിനോദ് കുറ്റപ്പെടുത്തി. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് 12ാം വാർഡ് ഇളന്തോട്ടത്ത് നിന്ന് എൽ.ഡി.എഫ് സ്വതന്ത്രനായാണ് വിനോദ് വിജയിച്ചത്. പിന്നീട് യു.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതോടെയാണ് പഞ്ചായത്ത്
വൈസ് പ്രസിഡന്റായത്. പത്രസമ്മേളനത്തിൽ കേരള ഡെമോക്രാറ്റിക് പാർട്ടി പാലാ നിയോജകമണ്ഡലം സെക്രട്ടറി ജോയി മലയിൽ, ഭരണങ്ങാനം മണ്ഡലം സെക്രട്ടറി ടിബിൻ തോമസ്, സെൻ തേക്കുംകാട്ടിൽ, ഷാജിമോൻ വി.കെ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.