
മുണ്ടക്കയം: വർഷങ്ങൾ പലത് കഴിഞ്ഞു. നല്ല റോഡിനായി നാട്ടുകാരും യാത്രക്കാരും അത്രയേറെ കാത്തിരുന്നു. പുഞ്ചവയൽ-പാക്കാനം- മഞ്ഞളരുവി റോഡിലെ ആ ഒരുകിലോമീറ്റർ സമ്മാനിച്ചത് വലിയ ദുരിതമാണ്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഇടപെട്ട് തടസങ്ങളെല്ലാം പരിഹരിച്ചതോടെ പുഞ്ചവയൽ-പാക്കാനം- മഞ്ഞളരുവി റോഡ് നവീകരണത്തിനായി 50 ലക്ഷം രൂപയാണ് അനുവദിച്ചത്. പുഞ്ചവയലിൽ തുടങ്ങി പാക്കാനം വഴി എരുമേലി ഗ്രാമപഞ്ചായത്തിലെ മഞ്ഞളരുവിയിൽ എത്തുന്ന പൊതുമരാമത്ത് റോഡ് വനമേഖലയിലൂടെയാണ് കടന്നുപോകുന്നത്.
വനമേഖലയിൽ വരുന്ന ഒരു കിലോമീറ്റർ ദൂരം തകർന്നനിലയിലായിരുന്നു. ഈ ഭാഗം കോൺക്രീറ്റിംഗ് നടത്തി ഗതാഗതയോഗ്യമാക്കാനാണ് പണം അനുവദിച്ചത്. വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തത് നവീകരണത്തിന് തടസമായി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചർച്ചയിലാണ് അനുമതിയായത്. നവീകരണം അടുത്തദിവസം ആരംഭിക്കും.
റോഡ് കടന്നുപോകുന്നത്
മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ 11,15 വാർഡുകൾ, എരുമേലി ഗ്രാമപഞ്ചായത്തിന്റെ 8,9 വാർഡുകൾ
റോഡിന്റെ ആകെ ദൂരം
5 കിലോമീറ്റർ
ഇത് എളുപ്പമാർഗം
മുണ്ടക്കയം, കോരുത്തോട്, എരുമേലി ഗ്രാമപഞ്ചായത്തുകളിലെ മുരിക്കുംവയൽ, പുഞ്ചവയൽ, 504, കുഴിമാവ്, കോസടി, കോരുത്തോട്, പാക്കാനം, കാരിശേരി, ഇഞ്ചക്കുഴി തുടങ്ങിയ പ്രദേശങ്ങളിൽപ്പെട്ട നൂറുകണക്കിന് ആളുകൾക്ക് എരുമേലി, റാന്നി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വേഗത്തിലെത്താം.