
കോട്ടയം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചു. സ്കൂൾ തുറന്നു. എന്നിട്ടും തിരുനക്കര ബസ് സ്റ്റാൻഡിലൂടെ ബസ് കയറ്റിവിടാൻ നടപടിയായില്ല. ഇടിച്ചു നിരത്തിയ സ്റ്റാൻഡിന്റെ ഒരു വശം ബസ് ബേ ആക്കി സ്വകാര്യ ബസുകൾ കടത്തിവിട്ട് ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള ആലോചനയും നഗരസഭ ഇതുവരെ നടത്തിയിട്ടില്ല.
തിരുനക്കര സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സ് ബലക്ഷയമെന്ന് വിധിച്ച് പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് 2023 സെപ്റ്റംബറിലാണ് ദുരന്തനിവാരണത്തിന്റെ പേരിൽ തിരുനക്കര സ്റ്റാൻഡിനുള്ളിൽ ബസ് പ്രവേശിക്കുന്നത് ജില്ലാ കളക്ടർ തടഞ്ഞത്. പിന്നീട് ബസുകൾ താത്ക്കാലികമായി വഴി തിരിച്ചുവിടാൻ തുടങ്ങി. സെപ്റ്റംബർ 14ന് ആരംഭിച്ച ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിക്കൽ പലകാരണങ്ങളാൽ നാലു മാസത്തോളം നീണ്ടു. പൊളിക്കൽ കഴിഞ്ഞപ്പോൾ നഗരസഭ ബസ് സ്റ്റാൻഡ് മൈതാനം പേ ആൻഡ് പാർക്കായി ഉപയോഗിക്കുവാൻ തീരുമാനിച്ചു. രാഷ്ട്രീയ യോഗങ്ങൾക്കും നൽകി. തിരുനക്കര ഉത്സവകാലത്ത് കാർണിവൽ നടത്തുവാനും കൊടുത്തു. നഗരസഭ ഇങ്ങനെ ഒരു വഴിക്ക് പണം വാരുമ്പോൾ തിരുനക്കര ബസ് സ്റ്റാൻഡിനെ ആശ്രയിച്ചിരുന്ന കച്ചവടക്കാർ പെരുവഴിയിലുമായി. മഴയും വെയിലുമേറ്റ് ബസ് കാത്തു നിൽക്കുന്നവർ എവിടെ നിർത്തുമെന്നറിയാനാവാതെ ബസുകൾക്ക് പിന്നാലെ ഓടേണ്ട അവസ്ഥയിലുമായി. സ്റ്റാൻഡ് അടച്ചു പൂട്ടിയതോടെ ജനങ്ങൾക്ക് ഏക ആശ്രയമായിരുന്ന കംഫർട്ട് സ്റ്റേഷനും പൂട്ട് വീണു. മൂത്രമൊഴിക്കാനും പൊതുവഴിയെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനം. നികുതി കൊടുക്കുന്നവന്റെ മുഖത്തു തുപ്പുന്ന നടപടികളാണ് ഭരണാധികാരികൾ ചെയ്തു കൂട്ടുന്നതെന്നാണ് ആക്ഷേപം. പരാതി വ്യാപകമായിട്ടും തിരുനക്കര സ്റ്റാൻഡിലൂടെ ബസ് എന്ന് കയറിയിറങ്ങുമെന്നതിനെക്കുറിച്ച് ആലോചനായോഗം പോലും നഗരസഭ നടത്താത്തതും വിമർശനത്തിന് ഇടയാക്കുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സ്റ്റാൻഡ് തുറക്കാനാവില്ലായെന്നും പറഞ്ഞിരുന്നു. ബസ് ബേ ഉടൻ തുറക്കുമെന്ന് പ്രഖ്യാപിച്ച ജില്ലാ കളക്ടറും മൗനം പാലിക്കുകയാണ്.