കരീമഠത്ത് താത്ക്കാലിക പാലം നിർമ്മാണം പുരോഗമിക്കുന്നു
കരീമഠം: മുമ്പ് ഭയമായിരുന്നു. അപകടം അരികത്തായിരുന്നു. കാത്തിരിപ്പിനൊടുവിൽ കരീമഠത്ത് കുരുന്നുകൾക്ക് ഉൾപ്പെടെ ഇത് ആശ്വാസ വാർത്തയാണ്. അപകടാവസ്ഥയിലായിരുന്ന നടപ്പാലം പുതുക്കി നിർമ്മിക്കുന്ന ജോലികൾ പൂർത്തിയാകുന്നതോടെ പ്രദേശവാസികൾക്ക് സുരക്ഷിതയാത്ര സാധ്യമാകും. കരീമഠം സ്കൂളിന് സമീപത്തായി വേഴപ്പറമ്പ് പാടശേഖരത്തെയും വി.കെ.വി പാടശേഖരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് തോടിന് കുറുകെയുള്ള നടപ്പാലം. വിദ്യാർത്ഥികൾക്ക് കരീമഠം സ്കൂളിലേയ്ക്കെത്താനുള്ള എളുപ്പമാർഗമാണിത്. ഏതാനും മാസങ്ങൾക്കു മുൻപ് കരീമഠം സ്കൂളിലെ വിദ്യാർത്ഥികൾ പാലത്തിൽ നിന്ന് താഴെ വീണത് അപകടം സംഭവിച്ചിരുന്നു. പാലം പുതുക്കി നിർമ്മിക്കുന്നതിന് കാലതാമസം നേരിട്ടത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അടിയന്തിര സാഹചര്യം പരിഗണിച്ചാണ് ഇപ്പോൾ താത്ക്കാലിക പാലം പൂർത്തിയാക്കുന്നത്.
നിർമ്മാണം അതിവേഗത്തിൽ...
ഗ്രാമപഞ്ചായത്ത് പെറ്റി വർക്കിൽ ഉൾപ്പെടുത്തി അറ്റകുറ്റപണി നടത്തിയെങ്കിലും ഫലപ്രദമായിരുന്നില്ല. തുടർന്ന് മന്ത്രി വി.എൻ വാസവന്റെ ഇടപെടലിലൂടെ ലഭിച്ച അടിയന്തിര സഹായം പ്രയോജനപ്പെടുത്തിയാണ് ഇപ്പോൾ നിർമ്മാണം പുരോഗമിക്കുന്നത്. വാർഡ് മെമ്പറും, അയ്മനം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മനോജ് കരീമഠമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്കൂളിനോട് ചേർന്നുള്ള വി.കെ.വി മോട്ടോർ തറ കലുങ്ക് നിർമ്മാണവും വാദ്യാൻമേക്കരി പ്രദേശത്തെ റോഡും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞമാസം പൂർത്തിയാക്കിയിരുന്നു.
പാലം പുതുക്കി നിർമ്മിക്കുന്നത് പ്രതിഷേധങ്ങൾക്കൊടുവിൽ
നടപ്പാലം നിർമ്മാണം ഉടൻ പൂർത്തിയാകും