പൊൻകുന്നം: പ്രതീക്ഷയേകി റബ്ബർവില ഉയരുമ്പോഴും കൃത്യമായി ടാപ്പിംഗ് നടത്താനാവാതെ കർഷകർ. മുൻവർഷങ്ങളേക്കാൾ ഉയർന്ന വിലയാണ് ലാറ്റക്‌സിനും ഒട്ടുപാലിനും ഷീറ്റിനും ഇപ്പോൾ. ഷീറ്റ് വില 200 കടന്നേക്കും. ഒട്ടുപാൽവില നൂറ്റി ഇരുപത്തിഅഞ്ചായി ഉയർന്നു. ഈമാസം പകുതിയോടെ വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് വിപണി.
എന്നാൽ പ്രതികൂല കാലാവസ്ഥയും തൊഴിലാള അഭാവവുമാണ് മലയോരമേഖലയിലെ കർഷകർ നേരിടുന്ന പ്രതിസന്ധി. കഴിഞ്ഞ മൂന്ന് വർഷങ്ങളായി കാർഷികച്ചെലവും വിലത്തകർച്ചയുംമൂലം ടാപ്പിംഗ് നടത്താതിരുന്നവരുമുണ്ട്. വില ഉയരുമ്പോൾ പെട്ടെന്ന് ടാപ്പിംഗ് തുടങ്ങാനാവാത്ത സ്ഥിതിയാണ്. റെയിൻഗാർഡ് ഘടിപ്പിക്കാത്തതാണ് മഴക്കാലത്ത് ടാപ്പിംഗ് മുടങ്ങാൻ കാരണം. വിദഗ്ദ്ധതൊഴിലാളികളില്ലാത്തതിനാൽ പെട്ടെന്ന് റെയിൻഗാർഡ് ഘടിപ്പിക്കാനുമാവില്ല. കൂടുതലും ചെറുകിട കർഷകരാണ് പ്രതിസന്ധിയിൽ.
വില ഉയരുമെന്ന് കരുതി റെയിൽഗാർഡ് ഉൾപ്പെടെയുള്ള മുന്നൊരുക്ക പരീക്ഷണത്തിന് അവർ ഒരുക്കമല്ലായിരുന്നു. മുൻവർഷങ്ങളിലെ അനുഭവമാണ് കാരണം. യുവാക്കളാരും ഇപ്പോൾ ടാപ്പിംഗ് പഠിക്കുന്നില്ല. നിലവിലുള്ള തൊഴിലാളികൾ വിരമിക്കുന്നതോടെ ടാപ്പിംഗിനായി വിദഗ്ദ്ധതൊഴിലാളികളെ അന്യസംസ്ഥാനങ്ങളിൽനിന്നും എത്തിക്കേണ്ടിവരുമെന്നാണ് കർഷകർ പറയുന്നത്.