
വൈക്കം: ഉദയനാപുരം നേരേ കടവ് റോഡിൽ ചിറപ്പുറം പാലം വലിയകലുങ്കിന് സമീപം റോഡിൽ വൻ കുഴി. ഒരാഴ്ച മുമ്പുണ്ടായ ചെറിയ കുഴി മഴ ശക്തമായതോടെ വലുതാകുകയായിരുന്നു. ജങ്കാർ സർവീസുള്ളതിനാൽ ഇരുചക്ര വാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ റോഡാണിത്. കുഴിയിൽ വാഹനങ്ങൾ പെടാതിരിക്കാൻ പ്ലാസ്റ്റിക് ബോക്‌സ് കൊണ്ടു മറച്ചിരിക്കുകയാണിപ്പോൾ. വൈക്കം നേരേകടവ് റൂട്ടിൽ സ്വകാര്യ ബസ് സർവീസ് നടത്തുന്നുണ്ട്. നിരവധി സ്‌കൂൾ ബസുകളും ഇതുവഴി കടന്നുപോകുന്നു. നിർദ്ദിഷ്ട തുറവൂർ പമ്പ ഹൈവേയുടെ ഭാഗമാണ് ഈ റോഡ്. കുഴി മൂടി ഗതാഗതം സുരക്ഷിതമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഉദയനാപുരം നേരേകടവ് റോഡിൽ അപകടത്തിനിടയാക്കുന്ന കുഴികൾ അടച്ച് ഗതാഗതം സുരക്ഷിതമാക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് ഉദനാപുരം 16, 17 വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. നേരേകടവിൽ നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകർ റോഡിലെ കുഴികളിൽ വാഴയും അടക്കാമരത്തൈയും നട്ടു. അപകട മുന്നറിയിപ്പ് നൽകാനായി കുഴിക്ക് സമീപം പ്ലാസ്റ്റിക് ബോക്‌സും സ്ഥാപിച്ചു. പ്രതിഷേധ സമരം ഭാരതീയ ദളിത് കോൺഗ്രസ് വൈക്കം ബ്ലോക്ക് പ്രസിഡൻ് വി.എസ്.സന്തോഷ് ഉദ്ഘാടനം ചെയ്തു. ആർ. ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. സി.ഉത്തമൻ, വാർഡ് മെമ്പർ രാധാമണി, എം. അശോകൻ, ആർ. മോഹനൻ ചായപ്പള്ളി, സുദേവൻ, സുധൻ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഷേധ സമരത്തെ തുടർന്ന് പി.ഡബ്ല്യു.ഡി അധികൃതരെത്തി കുഴിയിൽ മെറ്റലിട്ടെങ്കിലും ഇത് ശാശ്വത പരിഹാരമല്ല. മഴ ശക്തമാകുന്നതോടെ മെറ്റൽ ഒഴുകിപ്പോയി വീണ്ടും കുഴി അപകടാവസ്ഥയിലാകും.