
കോട്ടയം : മലയാളികളെ കുടുകുടാ ചിരിപ്പിച്ച് ചാർലി ചാപ്ലിനെന്ന് പേരെടുത്ത ആദ്യകാല ഹാസ്യ നടൻ എസ്.പി പിള്ള ഓർമ്മയായിട്ട് നാളെ 39 വർഷം തികയുമ്പോഴും സ്മരണ നിലനിറുത്താൻ ജന്മനാട്ടിൽ ഒന്നുമില്ല. ജൂൺ 12 ന് വർഷത്തിലൊരു അനുസ്മരണം. അഭിനയപ്രതിഭയെന്ന് എല്ലാവരും പുകഴ്ത്തും, സ്മാരക കാര്യം പറയും അത്ര തന്നെ. പേരിനൊരു റോഡ് മാത്രമുണ്ട്. കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം കോട്ടയത്തായിട്ടും എസ്.പിയെ പുതുതലമുറയ്ക്ക് മനസിലാക്കി കൊടുക്കുന്നതൊന്നുമില്ല. ബാല്യകാലത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട് ദാരിദ്യത്തിന്റെ പടുകുഴിയിലായതിനാൽ കാര്യമായ വിദ്യാഭ്യാസം എസ്.പിയ്ക്ക് ലഭിച്ചിരുന്നില്ല. പത്രവില്പനക്കാരനായി ജീവിതം ആരംഭിച്ചു. പിന്നീട് കേരള കലാമണ്ഡലത്തിലെ അന്തേവാസിയായി ഓട്ടന്‍തുള്ളൽ അഭ്യസിച്ചു. ഭൂതരായർ ആദ്യ സിനിമയായിരുന്നുവെങ്കിലും വെളിച്ചം കണ്ടില്ല. ജ്ഞാനാംബികയായിരുന്നു ആദ്യം പുറത്തുവന്ന സിനിമ. നല്ലതങ്ക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. അഞ്ഞൂറോളം നാടകങ്ങളിലും മുന്നൂറോളം സിനിമകളിലും അഭിനയിച്ചു . മലയാളസിനിമയ്ക്ക് ആദ്യമായ് പ്രസിഡന്റിന്റെ സ്വർണമെഡൽ നേടിക്കൊടുത്ത ചെമ്മീനിൽ 'അച്ചൻകുഞ്ഞ്' എന്ന മുക്കുവനായി പരകായ പ്രവേശം നടത്തിയ എസ്.പി മുക്കുവത്തുറയിൽ ജീവിക്കുന്ന യഥാർത്ഥ അരയനായി ജീവിക്കുകയായിരുന്നു. ഉദയ സ്റ്റുഡിയോയുടെ എല്ലാ വടക്കൻ പാട്ട് സിനിമകളിലും പാണനാർ വേഷം എസ്.പി പിള്ളക്കായിരുന്നു. 1978 ല്‍ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കലാരത്നം അവാര്‍ഡ് എന്നിവ ലഭിച്ചു. കാഴ്ച മങ്ങിയതോടെ സിനിമാഭിനായത്തിൽ നിന്ന് വിരമിച്ചു.
അവശ കലാകാരന്മാരെ ചേർത്തുപിടിച്ചു
ഏറ്റുമാനൂരില്‍ കല - സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജീവിതാവസാന കാലത്ത് ദാരിദ്യത്തിൽ കഴിഞ്ഞിരുന്ന അവശ കലാകാരന്മാരെ സംഘടിപ്പിച്ചു യൂണിയനുണ്ടാക്കി. സ്ഥാപക പ്രസിഡന്‍റായിരുന്നു. ഏറ്റുമാനൂരപ്പന്റെ വലിയ ഭക്തനായ അദ്ദേഹം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയപ്പോൾ സത്യഗ്രഹസമരത്തിനുമൊരുങ്ങി. 1985 ൽ എഴുപത്തിയൊന്നാം വയസിലായിരുന്നു അന്ത്യം.