മുണ്ടക്കയം: സി.പി.ഐ.യുടെ പഞ്ചായത്ത് പ്രസിഡന്റിനോടുളള എതിർപ്പിനെ തുടർന്ന് ദുരന്ത നിവാരണവും തൊഴിലുറപ്പു ജോലിയും സംബന്ധിച്ച പ്രധാന പഞ്ചായത്ത് കമ്മറ്റി ബഹിഷ്‌കരിച്ച് സി.പി.എം.
കൊക്കയാർ ഗ്രാമ പഞ്ചായത്ത് ഇന്നലെ വിളിച്ചു ചേർത്ത പഞ്ചായത്ത് കമ്മറ്റി യോഗമാണ് സി.പി.എം. ബഹിഷ്‌കരിച്ചത്. ദീർഘ നാളായി മുറുമുറുപ്പിലായിരുന്ന ഇവിടെ കഴിഞ്ഞ ദിവസം ഇടതുമുന്നണി യോഗം വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിൽ സി.പി.ഐയുടെ താലൂക്ക് കമ്മറ്റി ഭാരവാഹികളെ വിളിച്ചില്ലെന്ന പേരിൽ പഞ്ചായത്ത് പ്രസിഡന്റ് മോളി ഡോമിനിക് യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇതാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചത്. പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശം മൂലമാണ് താൻ ഇടതു യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം. ഇത് സി.പി.എം.വേദികളിൽ ചർച്ചയാവുകയും അടുത്ത പഞ്ചായത്ത് കമ്മറ്റിയിൽ നിന്നും വിട്ടു നിൽക്കാൻ അംഗങ്ങൾക്ക് സി.പി.എം. നേതൃത്വം നിർദ്ദേശം നൽകുകയും ചെയ്യുകയായിരുന്നു. അതിനു ശേഷം നടന്ന ആദ്യപഞ്ചായത്തു കമ്മറ്റി യോഗമായിരുന്നു ഇന്നലെ നടന്നത്. സി.പി.എമ്മിന്റെ ആറുപേരും പങ്കെടുത്തില്ല.