
ഏഴാച്ചേരി: ഒന്നരമാസത്തിനിടെ ഏഴച്ചേരിയിൽ വീണ്ടും മോഷണം. ഇത്തവണ അടച്ചിട്ടിരുന്ന ആളൊഴിഞ്ഞ വീടിന്റെ മുൻവശത്തെ കതക് തകർത്ത് ഉള്ളിൽ കയറിയ മോഷ്ടാവ് ഇരുപതിനായിരത്തോളം രൂപയും അരപ്പവനോളം സ്വർണവും സി.സി.ടി.വി ഹാർഡ് ഡിസ്‌കും മോഷ്ടിച്ചു.
ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു സംഭവം. ഏഴാച്ചേരി ആശ്രമം ഭാഗത്ത് ആനപ്പാറയിൽ രാജമ്മയുടെ വീട്ടിലാണ് മോഷണം. ബന്ധുവീട്ടിൽ പോയിരുന്ന രാജമ്മ ഇന്നലെ രാവിലെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണം അറിയുന്നത്. മോഷ്ടാവ് വീട്ടിലുള്ള അലമാരകളെല്ലാം വാരിവലിച്ച് തപ്പിയിട്ടുണ്ട്.
പുലർച്ചെ 1.59 ന് മുഖംമൂടിയണിഞ്ഞ് പാന്റും ബനിയനും ധരിച്ച ഒരാൾ വീട്ടുമുറ്റത്തേക്ക് വരുന്നത് സി.സി.ടി.വിയിലുണ്ട്. എന്നാൽ ഹാർഡ് ഡിസ്‌ക് കൊണ്ടുപോയതോടെ പിന്നീടുള്ള ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല.
ഭർത്താവ് മാധവൻ മരിച്ചതോടെ രാജമ്മ ഒറ്റയ്ക്കാണ് ഇവിടെ താമസം. മക്കളിലൊരാൾ വിദേശത്തും ഒരാൾ പാലായിലുമാണ് താമസിക്കുന്നത്. രാമപുരം പൊലീസെത്തി തെളിവുകൾ ശേഖരിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്പോർട്സ് സൈക്കിൾ മോഷണം പോയത് ഏപ്രിലിൽ
മുപ്പതിനായിരം രൂപയുടെ സ്‌പോർട്‌സ് സൈക്കിൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കഴിഞ്ഞ ഏപ്രിലിൽ മോഷണം പോയിരുന്നു. ഒരു കാർ ഉൾപ്പെടെ മറ്റ് മൂന്ന് വാഹനങ്ങൾ മോഷ്ടിക്കാനും ശ്രമം നടന്നു.
ഗാന്ധിപുരം ഭാഗത്ത് പുളിയാനിപ്പുഴയിൽ ജിതിന്റെ മുപ്പതിനായിരം രൂപ വിലയുള്ള സ്‌പോർട്‌സ് സൈക്കിളാണ് അന്ന് മോഷണം പോയത്. മെയിൻ റോഡിനോട് ചേർന്നാണ് ജിതിന്റെ വീട്. ഇവിടെ മുറ്റത്ത് വച്ചിരുന്ന സൈക്കിളാണ് മോഷ്ടിക്കപ്പെട്ടത്.
ജി.വി. യു.പി. സ്‌കൂളിനും കുരിശുപള്ളിക്കും ഇടയിലുള്ള ഭാഗത്താണ് വ്യാപകമായ മോഷണവും മോഷണ ശ്രമങ്ങളും അന്ന് നടന്നത്. ചെട്ടിയാകുന്നേൽ ജോബിയുടെ കാർ മോഷ്ടിക്കാനുള്ള ശ്രമം വീട്ടുകാർ ഉണർന്നതോടെ വിഫലമായി. കളരിക്കൽ ഹരിയുടെ ബൈക്ക് വീട്ടുമുറ്റത്തുനിന്നിറക്കി റോഡിൽ കൊണ്ടുവന്നു. ഈ സമയം ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ കള്ളൻമാർ കടന്നുകളഞ്ഞു. ചേലയ്ക്കൽ ഹരികൃഷ്ണന്റെ ആക്ടീവ സ്‌കൂട്ടറും മോഷ്ടിക്കാൻ ശ്രമം നടന്നു. സ്‌കൂട്ടറിന്റെ ബാറ്ററി ഭാഗം ഊരിമാറ്റിയ നിലയിലായിരുന്നു.
രാമപുരം പൊലീസ് രാത്രികാല പട്രോളിംഗ് ഊർജ്ജിതമാക്കണം
ഏഴച്ചേരി, ഗാന്ധിപുരം, ജി.വി. യു.പി. സ്‌കൂൾ, ആശ്രമം ഭാഗങ്ങളിൽ മോഷണവും മോഷണ ശ്രമങ്ങളും തകൃതിയായ പശ്ചാത്തലത്തിൽ ഈ മേഖലയിൽ രാമപുരം പൊലീസിന്റെ പട്രോളിംഗ് ഊർജ്ജിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച് ഉന്നത പൊലീസ് അധികാരികൾക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് ജനങ്ങൾ.