
പൊൻകുന്നം: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ മൂലേപ്ലാവ് എസ്.സി.ടി.എം.സ്‌കൂളിനു മുൻവശത്തെ കാത്തിരിപ്പു കേന്ദ്രം അപകടാവസ്ഥയിൽ. ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ജീവൻ പണയംവെച്ച് വേണം ഈ കാത്തിരിപ്പുകേന്ദ്രത്തിൽ യാത്രക്കാർക്ക് നിൽക്കാൻ. ഹൈവേ പണിയുടെ ഭാഗമായി കെ.എസ്.ടി.പി നാമമാത്രമായി പണിതതാണ് വെയ്റ്റിംഗ് ഷെഡ്. മൂന്നുമാസം മുമ്പ് ഏതോ വാഹനം തട്ടിയതോടെയാണ് വെയ്റ്റിംഗ് ഷെഡ് അപകടാവസ്ഥയിലായത്. സ്‌കൂൾ തുറന്നതിനാൽ കുട്ടികൾക്കും മറ്റ് യാത്രക്കാർക്കും മഴ നനയാതെ കയറി നിൽക്കാൻ ഈ വെയ്റ്റിംഗ് ഷെഡ് അത്യാവശ്യമായി നന്നാക്കേണ്ടതുണ്ട്.
ശ്രീ ചിത്തിര തിരുനാൾ രാജാവിന്റെ ഓർമ്മ നിലനിർത്തുന്ന സ്‌കൂളിന്റെ സമീപമാണ് മറിഞ്ഞുവീഴാറായ കാത്തിരിപ്പ് കേന്ദ്രം. പൊതുജനങ്ങൾക്കും കുട്ടികൾക്കും പ്രയോജനപ്രദമാകുംവിധം നവീകരിച്ച് നൽകണമെന്ന് രാഷ്ടീയകക്ഷികളടക്കം വിവിധ സംഘടനകളും നാട്ടുകാരും ആവശ്യപ്പെട്ടിട്ടുണ്ട്. അപകടാവസ്ഥയിൽ നിലത്തു വീഴാറായ കാത്തിരിപ്പ് കേന്ദ്രം നന്നാക്കിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് കേരള കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മറ്റിയും അറിയിച്ചു.