
കോട്ടയം: തെരുവിൽ അലഞ്ഞുതിരിയുന്ന നായ്ക്കളിൽ പകുതിയ്ക്കും പേവിഷ ബാധ!. മുൻപ് പേ വിഷബാധയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലും താഴെയായിരുന്നെങ്കിൽ ഇപ്പോഴത് 50 ശതമാനത്തിന് മുകളിലാണെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ അനൗദ്യോഗിക കണക്ക്.
സമയത്തിന് ചികിത്സ നൽകുന്നതിനാലാണ് പേവിഷ ബാധയേറ്റുള്ള മരണ നിരക്ക് കുറയാൻ കാരണം.
വന്ധ്യംകരണം നടത്തിയിട്ടും ജില്ലയിൽ തെരുവുനായകളുടെ എണ്ണം അഞ്ച് ഇരട്ടിയിലേറെ വർദ്ധിച്ചു.
മാലിന്യം വർദ്ധിച്ചതും സംസ്കരണം പാളിയതും തെരുവുനായ്ക്കളുടെ എണ്ണം കുത്തനെകൂട്ടി. അനധികൃത ഇറച്ചിക്കടകൾ അവശിഷ്ടങ്ങൾ കൃത്യമായി മറവ് ചെയ്യുന്നില്ല. ഈ അവശിഷ്ടങ്ങൾക്കായി കടിപിടി കൂടുന്നതിനാൽ നായ്ക്കളിൽ ആക്രമണ സ്വഭാവവും പേ വിഷ ബാധയും കൂടിയതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.
1 ലക്ഷം ജനസംഖ്യയിൽ 3500
ഒരു ലക്ഷം ജനസംഖ്യയുള്ള പ്രദേശത്ത് കുറഞ്ഞത് 3500 തെരുവുനായ്ക്കളുണ്ടാകുമെന്നാണ് പുതിയ കണക്ക് . 2020ന് മുൻപ് ആയിരത്തിൽ 10 എന്ന തോതിലായിരുന്നു പേവിഷം ബാധിച്ചതോ വാഹകരോ ആയ നായ്ക്കൾ. എന്നാൽ ഇപ്പോഴത് നൂറിൽ 10 എന്നായി. ഇതാണ് പേവിഷം നായ്ക്കളിൽ സമൂഹ്യ വ്യാപനമായെന്ന നിഗമനത്തിലെത്തിക്കുന്നത്.
നായകളിൽ പേ വിഷ ബാധയ്ക്ക് കാരണം
കുറുനരികൾ, പേ വിഷം ബാധിച്ച നായകൾ എന്നിവയുടെ കടിയേറ്റ്
അക്രമണോത്സുകത വർദ്ധിച്ചു,തമ്മിലുള്ള കടിപടിയും കൂടി
എണ്ണം വർദ്ധിച്ചതോടെ ഭക്ഷണത്തിനായി പരസ്പരം ആക്രമണം
ഓരോ നായ്ക്കൾക്കും അതിർത്തി, ലംഘിച്ചാൽ കൂട്ടമായി ആക്രമണം
പേ വിഷബാധയുടെ ടി.പി.ആർ: 55.36%
4 വർഷത്തിനിടെ പേവിഷ ബാധയേറ്റ് മരണം : 2
5 മാസത്തിനിടെ കടിയേറ്റത് 9779 പേർക്ക്
ജനുവരി: 2056
ഫെബ്രുവരി: 1949
മാർച്ച്: 1950
എപ്രിൽ: 1922
മേയ്: 1902