
കോട്ടയം: എം.സി റോഡ് കാണാൻ നല്ലതാണ്. പക്ഷേ ഒളിഞ്ഞിരിക്കുന്നത് അപകടക്കെണിയാണ്. പള്ളം മുതൽ പട്ടിത്താനം വരെയാണ് പ്രധാന അപകടമേഖല. കഴിഞ്ഞ ദിവസം എസ്.എച്ച് മൗണ്ടിൽ കെ.എസ്.ആർ.ടി.സി ബസ് തലയിലൂടെ കയറി സ്കൂട്ടർ യാത്രക്കാരൻ മരിച്ചിരുന്നു.
തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം.സി റോഡിൽ തിരക്കേറിയ ചെറു റോഡുകൾ ഏറ്റവും കൂടുതൽ സംഗമിക്കുന്നത് ചങ്ങനാശേരി മുതൽ പട്ടിത്താനം വരെയുള്ള പ്രദേശങ്ങളിലാണ്. ഈ ജംഗ്ഷനുകളെല്ലാം അപകടമേഖലയാണ്. പള്ളം മുതൽ കോട്ടയം വരെ അമിത വേഗവും അനധികൃത പാർക്കിംഗും അപകടങ്ങൾ കൂട്ടുന്നു. ഒരോ ദിവസവും ചെറുതും വലുതുമായ അപകടങ്ങളുടെ വാർത്ത കേട്ടാണ് കോട്ടയത്തുകാർ ഉണരുന്നത്.
നിവർക്കാത്ത വളവും കുത്തിറക്കവും
പട്ടിത്താനം മുതൽ മൂവാറ്റുപുഴ വരെ റോഡിലെ കുത്തിറക്കങ്ങളും വളവുകളുമാണ് അപകടക്കെണി ഒരുക്കുന്നത്. പരിചയമില്ലാത്തവർക്ക് രത്നഗിരി മേഖലയിലെ ചുമടുതാങ്ങി വളവ് ബുദ്ധിമുട്ടുണ്ടാക്കും. റോഡ് നവീകരണം വർഷങ്ങൾക്കു മുമ്പ് പൂർത്തിയാക്കിയെങ്കിലും ഇറക്കങ്ങളും വളവുകളും ഒന്നിച്ചു വരുന്ന ഭാഗങ്ങളിൽ അധികൃതർ വേണ്ടത്ര ശ്രദ്ധ പുലർത്തിയില്ലെന്നാണു യാത്രക്കാരുടെ പരാതി.
രാത്രിയാത്ര ദുരിതം
സന്ധ്യ കഴിഞ്ഞാൽ തടിലോറികളും ദീർഘദൂര കെ.എസ്.ആർ.ടി.സി. ബസുകളും അന്തർ സംസ്ഥാന ആഡംബര ബസുകളും റോഡ് കയ്യേറും. പിന്നെ ചെറുവാഹനങ്ങളുടെ യാത്ര വലിയ റിസ്കാണ്. തെക്കൻ ജില്ലകളിൽ നിന്നായി മിന്നൽ ഉൾപ്പെടെ നിരവധി ദീർഘദൂര കെ.എസ്.ആർ.ടി.സി. ബസുകളാണ് പായുന്നത്. ബംഗളൂരു, ചെന്നൈ, മംഗലാപുരം ഉൾപ്പെടെയുള്ള റൂട്ടുകളിലേക്ക് അന്തർ സംസ്ഥാന ബസുകൾ രാത്രി യാത്രക്കാരെ പേടിപ്പെടുത്തുന്നു. റോഡ് നിറഞ്ഞു വരുന്ന ഇത്തരം ബസുകൾക്കു മുന്നിൽ നിന്നു ഇരുചക്രവാഹന യാത്രക്കാർ പലപ്പോഴും രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. കന്യാകുമാരി മുതലുള്ള സ്ഥലങ്ങളിൽ നിന്ന് രാത്രികാലങ്ങളിൽ നൂറുകണക്കിന് ലോറികളാണ് റബർ തടിയുമായി പെരുമ്പാവൂരിലേക്കു പോകുന്നത്. കൃത്യമായ മുന്നറിയിപ്പു സംവിധാനം പോലുമില്ലാത്ത ഇത്തരം ലോറികളും പല ദിവസങ്ങളിലും അപകടക്കെണി സൃഷ്ടിക്കുന്നുണ്ട്.
അപകട സ്ഥലങ്ങൾ
നാട്ടകം സിമന്റ്സ് കവല, മുളങ്കുഴ, മണിപ്പുഴ ജംഗ്ഷൻ, എസ്.എച്ച്. മൗണ്ട്, ചവിട്ടുവരി, കുമാരനല്ലൂർ, സംക്രാന്തി, അടിച്ചിറ.