ചങ്ങനാശേരി : പുഴവാത് ഗവ.എൽ.പി സ്‌കൂളിന് സമീപം തെരുവ് നായ ശല്യം രൂക്ഷം. രാവിലെ സ്‌കൂൾ തുറക്കുവാൻ എത്തുമ്പോൾ നായ്ക്കൾ വാരാന്തയിലും മുറ്റത്തുമായ് കൂട്ടമായി വിഹരിക്കുന്നത് പതിവ് കാഴ്ചയാണ്. അനന്ദപുരം അമ്പലത്തിനു സമീപമുള്ള ഇടറോഡുകളിലാണ് പകൽ സമയങ്ങളിൽ ഇവയുടെ വാസം. പുറത്ത് നിന്ന് എത്തുന്ന ആളുകൾ രാത്രി സമയങ്ങളിൽ നായ്ക്കൾക്ക് ആഹാരം എത്തിച്ചു നൽകുന്നതുകൊണ്ടാണ് ഇവ പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. പരിസരങ്ങളിലെ വീടുകളിൽ വളർത്തു മൃഗങ്ങൾക്ക് നേരെയും നായ്ക്കളുടെ ആക്രമണം പതിവാണ്. ഇരുചക്രവാഹനങ്ങൾക്ക് മുന്നിൽ വട്ടംചാടുന്നതിനാൽ അപകടങ്ങളും ഉണ്ടാകാറുണ്ട്. തെരുവ്‌നായ്ക്കളെ നിയന്ത്രിക്കുന്നതിന് അധികൃതരുടെ നടപടികൾ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.