
പാലാ: പാലാ നഗരസഭയിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ഏക കൗൺസിലറായ അഡ്വ.ബിനു പുളിക്കക്കണ്ടത്തിലിനെ, അച്ചടക്ക ലംഘനവും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി സിപിഎമ്മിൽ നിന്ന് പുറത്താക്കി. പാലാ തെക്കേക്കര വെസ്റ്റ് ബ്രാഞ്ച് അംഗവും പാലാ നഗരസഭയിൽ സി.പി.എം. പാർലമെന്ററി പാർട്ടി ലീഡറുമായിരുന്നു.
കഴിഞ്ഞദിവസം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണിക്കെതിരെ പരസ്യമായി ബിനു രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യസഭാ സീറ്റ് സംബന്ധിച്ച് സിപിഎമ്മിന്റെയും എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെയും തിരുമാനത്തിന് വിരുദ്ധമായി മാധ്യമങ്ങളിൽ പ്രതികരണം നടത്തിയ ബിനുവിനെ പുറത്താക്കാൻ പാലാ ഏരിയ കമ്മിറ്റി തീരുമാനമെടുത്തത്.ഏരിയ കമ്മിറ്റി തീരുമാനത്തിന് കോട്ടയം ജില്ലാ കമ്മിറ്റി അംഗീകാരം നൽകി.
പാലാ നഗരസഭാ കൗൺസിലർ എന്ന നിലയിൽ ബിനു നിരന്തരമായി പാർട്ടി വിരുദ്ധ നിലപാടുകൾ തുടർന്ന് വരികയായിരുന്നു. പാർട്ടി നയത്തിനും മുന്നണിക്കുമെതിരായ നിലപാടുകൾക്കെതിരെ പലതവണ താക്കീത് നൽകിയിരുന്നുവെന്നും പാലാ ഏരിയ സെക്രട്ടറി പി.എം. ജോസഫ് അറിയിച്ചു.
തനിക്ക് കിട്ടിണ്ട നഗരസഭ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് എമ്മിന്റെ എതിർപ്പിനെ തുടർന്ന് നഷ്ടമായെന്നാരോപിച്ച് ഒന്നര വർഷത്തോളം കറുപ്പ് വസ്ത്രം അണിഞ്ഞായിരുന്നു ബിനു പൊതുവേദികളിൽ പങ്കെടുത്തിരുന്നത്. നേരത്തേ നഗരസഭായോഗത്തിനിടെ തന്റെ ആപ്പിൾ എയർപോഡ് ബിനു മോഷ്ടിച്ചെന്നാരോപിച്ച് കേരളകോൺഗ്രസ് എമ്മിലെ ജോസ് ചീരാംകുഴി രംഗത്തെത്തിയത് വിവാദമായിരുന്നു.
പാർട്ടിയെ വിമർശിച്ചിട്ടില്ലെന്ന് ബിനു
തന്നെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയത് പാർട്ടിയെ വിമർശിച്ചതിനല്ലെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു. മുന്നണി നിലനില്പിനായി ജോസ് കെ. മാണിക്കു വേണ്ടി പാർട്ടിയെടുത്ത നടപടി സ്വീകരിക്കുന്നു. രാജ്യസഭ സീറ്റ് നല്കി സംരക്ഷിച്ചില്ലായിരുന്നെങ്കിൽ കേരള രാഷ്ട്രിയത്തിൽ നിന്ന് അപ്രസക്തമാകുമായിരുന്ന ജോസിനും കേരള കോൺഗ്രസിനും വേണ്ടി തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ അത്ഭുതമില്ലെന്നും ബിനു പറഞ്ഞു.