മുണ്ടക്കയം : മഴ ശക്തമായതോടെ കാഞ്ഞിരപ്പള്ളി താലൂക്കിൽ പനി വ്യാപകമാകുന്നു. എലിപ്പനി, ഡെങ്കിപ്പനി, വൈറൽപ്പനിയും വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്തു. ഒരുമാസത്തിനുള്ളിൽ 77 പേരാണ് ഡെങ്കിപ്പനിയ്ക്ക് ചികിത്സ തേടിയത്. കഴിഞ്ഞ ദിവസങ്ങളിലായി നാലുപേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടുദിവസം ജനറൽ ആശുപത്രിയിൽ 84 പേരാണ് വൈറൽപ്പനിയ്ക്ക് ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടിയെടുത്താൽ ഇരട്ടിയാകും. ഇടവിട്ട് പെയ്യുന്ന മഴയിൽ കൊതുക് ശല്യം രൂക്ഷമായതാണ് രോഗം വ്യാപിക്കാൻ കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. പ്രതിരോധ മുൻകരുതലുകൾ നൽകിയിട്ടുണ്ടെങ്കിലും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾപോലും പലയിടങ്ങളിലും നടത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
സ്വയം ചികിത്സ വേണ്ട
പനി ബാധിച്ചാൽ മികച്ച ചികിത്സയും, വിശ്രമവുമാണ് ആവശ്യമെന്ന് ഡോക്ടർമാർ പറയുന്നു. എല്ലാ ആഴ്ചയും വീടും പരിസരവും ശുചിയാക്കണം. ചെടിച്ചട്ടികൾ, വീടിന്റെ സൺഷേഡ്, ഒഴിഞ്ഞ വീപ്പകൾ, പാത്രങ്ങൾ, മറ്റ് ഉപയോഗശൂന്യമായ വസ്തുക്കൾ, ചിരട്ടകൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം.
''
ഭയം വേണ്ട. പ്രതിരോധമാണ് പ്രധാനം. പനിബാധിച്ചാൽ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ ചികിത്സതേടണം. ഏത് തരം പനിയാണെന്ന് അറിയാൻ രക്ത പരിശോധനയും ആവശ്യമാണ്. ചികിത്സ വൈകിയാൽ രോഗം ഗുരുതരമാകാനിടയാക്കും.
ആരോഗ്യവകുപ്പ് അധികൃതർ
ഒരുമാസം ഡെങ്കി ബാധിച്ചത് : 77 പേർക്ക്