
കോട്ടയം: എടാ എൽദോ, നിന്നെ സിനിമയിലെടുത്തെടാ എന്ന ട്രെൻഡ് സെറ്റർ കോമഡി രംഗത്തിൽ അഭിനയിച്ച കോട്ടയം റെജി ഇന്നാ പഴയ ആളല്ല. കാൽനൂറ്റാണ്ട്കൊണ്ട് താടിയും മുടിയും നരകയറി. പലതവണ റെജിയെ നാടകത്തിലും സിനിമയിലുമെടുത്തിട്ടും ജീവിക്കാനിപ്പോൾ ലോട്ടറിക്കച്ചവടമാണ് ആശ്രയം.കോട്ടയം ചുങ്കത്തുണ്ട് റെജി ഇപ്പോൾ. ദിവസവും 90 ലോട്ടറിവരെ വിൽക്കും. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം പോറ്റുന്നതിങ്ങനെയാണ്. അവസാന ചിത്രം ജയരാജിന്റെ പെരുങ്കളിയാട്ടമാണ്.
പതിനഞ്ചാം വയസിൽ നാടകത്തിനായാണ് മുഖത്ത് ആദ്യമായി ചായം പൂശുന്നത്. 1987 മുതൽ പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിച്ചു. പത്ത് വർഷത്തോളം നാടകമായിരുന്നു അന്നം. കോട്ടയം സൃഷ്ടി, രംഗമിത്ര, സംഘചേതന
തുടങ്ങിയ ട്രൂപ്പുകളിലെല്ലാമുണ്ടായിരുന്നു. ഒഴിവ് സമയങ്ങളിൽ കരിങ്കല്ല് ചുമന്നും പെയിന്റിംഗ് ജോലി ചെയ്തും വക്കീൽ ഗുമസ്ഥനായുമൊക്കെ ജീവിതത്തിലും വേഷങ്ങൾ അനവധി. സുഹൃത്തുക്കളിൽ പലരും സിനിമയിലെത്തിയെങ്കിലും റെജിക്ക് ജീവിക്കാനുള്ളതൊന്നും കല നൽകിയില്ല.
കാപ്പന്റെ ഡ്രൈവർക്ക് നന്ദി
നീണ്ടൂരിൽ ഷൂട്ടിംഗ് നടക്കുന്നെന്നറിഞ്ഞാണ് മാന്നാർ മത്തായിയുടെ സെറ്റിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊഡ്യൂസർ മാണി സി.കാപ്പന്റെ ഡ്രൈവറുമായുള്ള പരിചയം തുണച്ചു. ഏൽദോ ഗാംഗിൽ ജനാർദ്ദനൊപ്പം മുഴുനീള കഥാപാത്രം. ഡയലോഗൊന്നുമില്ലെങ്കിലും എൽദോയും കൂട്ടരും പുതിയപിള്ളേരെയും ചിരിപ്പിക്കുന്നത് കാണുമ്പോൾ റെജിക്കുമുണ്ട് അഭിമാനം.
ജയരാജ് ചേർത്തു നിറുത്തി
രണ്ട് വർഷം മുന്നേയാണ് സംവിധായകൻ ജയരാജിനെ പരിചയപ്പെടുന്നത്. പിന്നീടിങ്ങോട്ട് ഹാസ്യം മുതൽ പെരുങ്കളിയാട്ടംവരെയുള്ള ജയരാജ് ചിത്രങ്ങളിൽ തരക്കേടില്ലാത്ത കഥാപാത്രങ്ങൾ കിട്ടി. ഭാരിച്ച പണി ചെയ്യാൻ ശരീരം അനുവദിക്കാത്തതിനാലാണ് ലോട്ടറിക്കച്ചവടത്തിനിറങ്ങിയത്.