വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കേ നടയിലുള്ള ദേവസ്വം ബോർഡിന്റെ ശൗചാലയത്തിൽ പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം പരിശോധന നടത്തി. ശുചിമുറികൾക്കും മാലിന്യ ടാങ്കിനും അപാകതയുണ്ടെന്ന് ആക്ഷേപം നിലവിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ 10 ന് ഹൈക്കോടതി പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗത്തിന് നിർദേശം നല്കിയിരുന്നു. പരിശോധനാ റിപ്പോർട്ട് താമസിയാതെ സമർപ്പിക്കും. 21 ന് കേസ് വീണ്ടും പരിഗണിക്കും.
2013 ൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടത്തിയ വടക്കു പുറത്തു പാട്ടിന്റെ നീക്കിയിരുപ്പു തുക ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ വടക്കേ നടയിൽ ശുചിമുറി സ്ഥാപിച്ചത്. ഇവിടെ ഒൻപത് ശുചിമുറിയും ഒൻപതു കുളിമുറിയും കൂടാതെ മുലയൂട്ടൽ കേന്ദ്രവും ക്ലോക്കു റൂമും ഉണ്ട്. കുളിമുറികളിൽ നിന്നും വരുന്ന മലിന ജലം സെപ്ടിക് ടാങ്കിലേക്ക് വീഴുന്നതായും സെപ്ടിക് ടാങ്ക് ചെറുതാണെന്നും ആക്ഷേപം നിലവിലുണ്ടായിരുന്നു. ക്ഷേത്രത്തിലെ ഉൽസവകാലത്ത് മാലിന്യ ടാങ്ക് നിറഞ്ഞ് പുറത്തേക്ക് ഒഴുകിയിരുന്നത് ക്ഷേത്രത്തിലെത്തിയിരുന്ന ഭക്തർക്കും എറെ ബുദ്ധിമുട്ടുണ്ടാക്കി. ശുചിമുറിയോടു ചേർന്ന പാർക്കിംഗ് ഗ്രൗണ്ടിലേക്കും സമീപത്തെ കാലാക്കൽ ക്ഷേത്രത്തിലേക്കും മലിന ജലം ഒഴുകിയിരുന്നു.